ചിറ്റൂർ:
ആന്ധ്രയിലെ ചിറ്റൂർ ജില്ലയിലെ ഹോസ്റ്റലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 30 വിദ്യാർത്ഥിനികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറ്റൂർ ജില്ലയിലെ കുപ്പം നഗരസഭയിലെ അക്ക മഹാദേവി ഹോസ്റ്റലിലാണ് സംഭവം.
ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്നാണ് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് സംശയിക്കുന്നു. ഇതേ കുപ്പം നഗരസഭയിലെ ദ്രാവിഡ സർവകലാശാലയുടെ ഭാഗമാണ് ഹോസ്റ്റൽ. ആന്ധ്രാപ്രദേശിലെ പ്രതിപക്ഷ നേതാവും തെലുങ്കുദേശം പാർട്ടി (ടി ഡി പി) അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിന്റെ മണ്ഡലമാണ് കുപ്പം.
30 വിദ്യാർത്ഥികളെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 17 വിദ്യാർത്ഥികളെ പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജില്ലാ കലക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.