Mon. Dec 23rd, 2024
ബന്തടുക്ക:

ചരിത്രം ഉറങ്ങുന്ന ബന്തടുക്ക കോട്ട കാടുകയറി നശിക്കുന്നു. ബന്തടുക്ക ഗവ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തുള്ള കോട്ട പതിനാറാം നൂറ്റാണ്ടിൽ ഇക്കേരി രാജവംശത്തിലെ ശിവപ്പ നായക്കാണ്‌ നിർമിച്ചത്‌. മൈസൂർ രാജ്യത്തിന് മറ്റുരാജ്യങ്ങളുമായി കച്ചവടം നടത്താനുള്ള ആവശ്യത്തിനാണ്‌ ബന്തടുക്കയിൽ കോട്ട പണിതത്‌.

ബന്തടുക്ക ടൗൺ, ഗവ ഹയർ സെക്കൻഡറി സ്കൂൾ, സുബ്രഹ്മണ്യ ക്ഷേത്രം, ശ്രീരാമ ക്ഷേത്രം എന്നിവിടങ്ങളിലായി നാലേക്കറോളം ഭൂമിയിലാണ് കോട്ട പ്രദേശമുള്ളത്‌. ആകെ 12 കോട്ട കൊത്തളങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം നശിച്ചു.

നാലേക്കറോളം ഭൂമിയിൽ നിർമിച്ച കോട്ടയുടെ ഭൂരിഭാഗവും ഇപ്പോൾ സ്വകാര്യ വ്യക്തികളൂടെ കൈയിലാണ്‌.  ബാക്കിയുള്ള കുറച്ച് ഭാഗം ഇപ്പോൾ കാട് കയറി നശിക്കുന്നു. കോഴിക്കോട് പഴശി മ്യൂസിയത്തിന്റെ നിയന്ത്രണത്തിലാണ് ബന്തടുക്ക കോട്ട.

കെ വി കുഞ്ഞിരാമൻ എംഎൽഎയുടെ ഇടപെടലിൽ 2012ലാണ് 27 സെന്റ് സ്ഥലം ഏറ്റെടുത്ത് കോട്ട സംരക്ഷിക്കാൻ സംസ്ഥാന പുരാവസ്ഥ വകുപ്പ് ഫണ്ട്‌ അനുവദിച്ചത്. കോട്ടയുടെ തകർന്ന ഭാഗങ്ങൾ ചെങ്കല്ല് ചെത്തി കെട്ടി പുനർ നിർമ്മിച്ചു. ഇപ്പോൾ ഇതും കാടുമൂടി നശിക്കാറായ അവസ്ഥയിലാണ്.