Wed. Dec 25th, 2024
റാന്നി:

ഉന്നത നിലവാരത്തിൽ പുനരുദ്ധരിക്കുന്ന പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കീറാമുട്ടിയായി ഉതിമൂട്ടിലെ പിഐപി കനാൽ. കനാലിന്റെ ഉയരക്കുറവും റോഡുവശത്തെ തൂണുമാണ് പുതിയ റോഡിന് വിനയായി തീർന്നിരിക്കുന്നത്. റോഡ് ഉന്നത നിലവാരത്തിലാകുമ്പോൾ എംസി റോഡിലൂടെയും ദേശീയപാതയിലൂടെയും പോകേണ്ട പല വലിയ വാഹനങ്ങളും ഇതുവഴി വരും.

തമിഴ്നാട്ടിൽനിന്നും ചരക്കുമായെത്തുന്ന ലോറികളുടെ പ്രധാന പാതയാകും. റാന്നിയ്ക്കും പത്തനംതിട്ടയ്‌ക്കുമിടയിൽ ഉതിമൂട് വലിയകലുങ്കിൽ റോഡിന് മുകളിലൂടെയുള്ള പമ്പാ ഇറിഗേഷന്റെ കനാൽ വലിയ വാഹനങ്ങൾക്ക് പ്രതിസന്ധിയാവും. നാല് മീറ്റർ പോലും ഉയരം ഇവിടെ ലഭിക്കില്ല.

റോഡിന്‌ തൊട്ടടുത്ത് മന്ദിരം കാളപ്പാലം തോട് ഒഴുകുന്നതിനാൽ റോഡ്‌ താഴ്‌ത്താനുമാവില്ല. തോട്ടിൽനിന്ന് റോഡിലേക്ക് വെള്ളം കയറും. കനാലിന്റെ തൂണ് റോഡിന് വീതി വർദ്ധിപ്പിക്കാനും തടസമാകുന്നു.

കുറഞ്ഞത് 60 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന വിധമാണ് റോഡ് പുനരുദ്ധരിച്ചിരിക്കുന്നത്. നേരേയുള്ള റോഡിലൂടെ അമിത വേഗതയിൽ പാഞ്ഞെത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ഇടുങ്ങിയ കനാലിനടിയിലേക്ക്‌ കയറുമ്പോൾ അപകട സാധ്യതയും ഏറെ. മേൽപ്പാലം നിർമിക്കുകയാണ് ബദൽ മാർഗം.

ഇതിന് കോടിക്കണക്കിന് രൂപ ചെലവാകും. ഈ തുക  കെഎസ്ടിപി റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. കനാലിന്റെ റോഡിന് കുറുകെയുള്ള ഭാഗം മുറിച്ചുമാറ്റി റോഡിനടിയിലൂടെ ടണൽ നിർമിച്ച് വെള്ളം തിരിച്ചു വിടുകയാണെങ്കിൽ മേൽപ്പാലത്തെ  അപേക്ഷിച്ച് ചെലവ്‌ കുറയുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്‌.