കൽപറ്റ:
തരിശായി കിടന്ന പുഴയോരം, അരികിലായി മെലിഞ്ഞുണങ്ങിയ പുഴ -ഇതായിരുന്നു വെങ്ങപ്പള്ളി പഞ്ചായത്തിലെ ചോലപ്പുറത്തുനിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാഴ്ച. ഇന്നിവിടം പച്ചത്തുരുത്താണ്. മുളങ്കാടുകളും മരുതും പഴവര്‍ഗങ്ങളും എല്ലാമുള്ള ജൈവ വനം.
ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയിലൂടെയാണ് ചോലപ്പുറം ഹരിതാഭമായത്. പഞ്ചായത്തിന്റെയും ഹരിത കേരളം മിഷന്റെയും നേതൃത്വത്തിൽ 2019 ലോക പരിസ്ഥിതിദിനത്തിലാണ് പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായത്. എടത്തറകടവ് പുഴയോരത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്താതെ മുളകളും മരങ്ങളും പഴവര്‍ഗങ്ങളും ഇവിടെ നട്ടുപിടിപ്പിച്ചു.
മുളകള്‍, മരുത്, സീതാപ്പഴം, അനാര്‍, നെല്ലി, മാവ്, പ്ലാവ് തുടങ്ങി 600ലധികം പ്രാദേശിക സസ്യങ്ങളാണ് പച്ചത്തുരുത്തില്‍ ഇന്ന് വളരുന്നത്. പുഴ സംരക്ഷണത്തിനായി വയനാടിന്റെ തനത് മുളകളും നട്ടുപിടിപ്പിച്ചു. പച്ചത്തുരുത്തിന്റെ കൃത്യമായ പരിപാലനം ഉറപ്പാക്കാന്‍ മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയെയും സജ്ജമാക്കി.
പച്ചത്തുരുത്തില്‍ മുള, ചെമ്പരത്തി, ശീമക്കൊന്ന തുടങ്ങിയ ചെടികള്‍കൊണ്ട് അനുയോജ്യമായ ജൈവവേലിയും തിരിച്ചറിയാന്‍ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ദിവസവും രണ്ടുനേരം ചെടികള്‍ നനക്കുന്നു. കഴിഞ്ഞ രണ്ടു പ്രളയത്തെ അതിജീവിച്ച ചരിത്രംകൂടിയുണ്ട് ചോലപ്പുറം പച്ചത്തുരുത്തിന്.
പുഴയോരഭിത്തികളെ തകര്‍ത്തെറിഞ്ഞ് രണ്ടു പ്രളയങ്ങളിലും പുഴ പരന്നൊഴുകിയിരുന്നു. മണ്ണിടിച്ചില്‍ തടഞ്ഞ് പുഴയെ സംരക്ഷിക്കാനും വെള്ളപ്പൊക്കത്തെ തടയാനും പുഴയോരത്ത് മുളത്തൈകള്‍ നട്ടുപിടിപ്പിക്കുക എന്നതായിരുന്നു ശാശ്വത പരിഹാരം.