Mon. Dec 23rd, 2024
കാഞ്ഞങ്ങാട്:

ദേശീയ പാത വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുത്തതിലെ അപാകത കാരണം ദുരിതത്തിലായി രണ്ടംഗ കുടുംബം. ചെമ്മട്ടംവയൽ തോയമ്മലിലെ സഹോദരങ്ങളായ വി ശ്രീധരൻ, വി ശാരദ എന്നിവരുടെ വീടിന്റെ മുൻഭാഗമാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റേണ്ടി വരുന്നത്. മതിയായ നഷ്ട പരിഹാരം പോലും കിട്ടാതെയാണ് ഇരുവര്‍ക്കും വീട്ടിൽ നിന്നു കുടി ഇറങ്ങേണ്ടി വരിക.

178‌‌|6A എന്ന സർവേ നമ്പറിൽ പെട്ട സ്ഥലത്താണ് ഇവരുടെ വീട്. മൂന്നര സെന്റ് സ്ഥലം നിലവിൽ ദേശീയ പാതയ്ക്കായി വിട്ടു കൊടുത്തു. ബാക്കി വരുന്ന 7 സെന്റ് സ്ഥലത്താണ് ഇവരുടെ ഓടിട്ട വീട്.

ദേശീയ പാതയ്ക്കായി ആദ്യം സ്ഥലം അളന്നപ്പോൾ വീട് പൊളിക്കേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു. രണ്ടാമത് സർവേ നടത്തിയപ്പോൾ വീട് പൊളിക്കേണ്ടി വരില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ അവസാന വട്ടം നടത്തിയ സർവേയിൽ വീടിന്റെ മുൻഭാഗം പൊളിക്കേണ്ടി വരുമെന്നാണ് അധികൃതർ പറയുന്നത്.

നിലവിൽ സർവീസ് റോഡ് ഇവരുടെ വീടിന്റെ മുറ്റത്ത് കൂടെയാണ് കടന്നു പോകുന്നത്. വീടിന്റെ മുൻഭാഗം പൊളിച്ചു മാറ്റുന്നതിന് പുറമേ റോഡ് ഉയർത്താനായി മണ്ണിട്ട് നികത്തണമെന്നാണ് ഇപ്പോൾ പറയുന്നതെന്ന് ശ്രീധരൻ പറഞ്ഞു.  ഇതോടെ വീടിന്റെ പാതി വരെ മണ്ണിൽ മൂടും. പിന്നെ വീട്ടില്‍ താമസിക്കാന്‍ പറ്റാത്ത സ്ഥിതിയാകും.