ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച സീസണാണിതെന്നും ഇക്കുറി ബ്ലാസ്റ്റേഴ്സ് കിരീടത്തിൽ മുത്തമിടുമെന്നും മുൻ കോച്ച് കിബു വികുന. ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ടീമാണ് കേരളമെന്നും അതാണ് അവരുടെ കരുത്തെന്നും വികുന പറഞ്ഞു. കേരളാ ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്.
ഒപ്പം വലിയ ആരാധക പിന്തുണയും അവർക്കുണ്ട്. കേരളത്തിൽ വരാതെ ആദ്യമായി ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത് ഞാനാവും. എന്നിട്ടും ആരാധകരുടെ ആവേശമെന്താണെന്ന് ഗോവയിലിരുന്ന് എനിക്ക് അനുഭവിക്കാനായി.
കഴിഞ്ഞ സീസണിൽ പരാജയപ്പെട്ടെങ്കിലും ഈ സീസൺ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച സീസണാണ്. ഇക്കുറി ബ്ലാസ്റ്റേഴ്സ് തന്നെ കിരീടത്തിൽ മുത്തമിടും”- വികുന പറഞ്ഞു. കഴിഞ്ഞ സീസൺ ബ്ലാസ്റ്റേഴ്സിനൊപ്പം തനിക്ക് മികച്ച സീസണല്ലായിരുന്നു എന്നും അതിനാലാണ് ടീമിന്റെ പരിശീലക സ്ഥാനം രാജിവച്ചതെന്നും വികുന കൂട്ടിച്ചേര്‍ത്തു.
മൂന്നാഴ്ചയാണ് ടീമിന് ആകെ പരിശീലനത്തിനായി ലഭിച്ചത്. വെറും മൂന്നാഴ്ച കൊണ്ട് ഒരു ടീമിനെ ഒരുക്കിയെടുക്കൽ അസാധ്യമാണ്. ടീമിന്റെ ഒത്തിണക്കത്തെ ഇത് നന്നായി ബാധിച്ചു. ഇതാണ് പിന്നീട് തോൽവികളിൽ കലാശിച്ചത്”-. വികുന പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിന് പുറമെ ഐ ലീഗിൽ മോഹൻ ബഗാനെയും വികുന പരിശീലിപ്പിച്ചിട്ടുണ്ട്. 2019-20 സീസണിൽ ഐ ലീഗിൽ മോഹൻബഗാൻ കിരീടത്തിൽ മുത്തമിടുമ്പോൾ വികുനായിരുന്നു ടീമിന്റെ പരിശീലകൻ.