Wed. Nov 6th, 2024
പുളിക്കീഴ്:

നിറയെ സ്പിരിറ്റുമായി രണ്ട് ടാങ്കർ ലോറികൾ പൊലീസ് സ്റ്റേഷനിൽ കിടക്കാൻ തുടങ്ങിയിട്ട് എട്ടര മാസം. കഴിഞ്ഞ വർഷം ജൂലൈ ഒന്നിനാണ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്കു വന്ന രണ്ടു ലോഡ് സ്പിരിറ്റിൽനിന്ന് 20,000 ലീറ്റർ മോഷണം പോയതായി കണ്ടെത്തിയത്. ബാക്കി 60000 ലീറ്റർ സ്പിരിറ്റുമായാണ് 2 ടാങ്കർ ലോറികളും കിടക്കുന്നത്.

കമ്പനിയിലേക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്നു സ്പിരിറ്റ് എത്തിക്കാൻ കരാർ എടുത്തിട്ടുള്ള കൊച്ചി ആസ്ഥാനമായ അസോസിയേറ്റ്സ് ട്രാൻസ്പോർട്ട് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് രണ്ടു ടാങ്കറുകളും. ഇവ വിട്ടുനൽകണമെന്ന ആവശ്യം ഉന്നയിച്ച് ലോറി ഉടമകൾ എക്സൈസ് കമ്മിഷണർക്കും തിരുവല്ല കോടതിയിലും അപേക്ഷ സമർപ്പിച്ചെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടായില്ല. പിന്നീട് ഹൈക്കോടതിയിൽ നൽകിയ അപേക്ഷ ഇപ്പോൾ പരിഗണനയിലാണ്.

അതുവരെ കേസിലെ പ്രധാന തൊണ്ടിമുതലുകളായി പൊലീസ് സ്റ്റേഷനു മുൻപിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറ്റപത്രം പോലും ഇതുവരെ സമർപ്പിക്കാത്ത ഘട്ടത്തിൽ കേസിലെ പ്രധാന തൊണ്ടിമുതലായ ടാങ്കർ ലോറികൾ വിട്ടുകിട്ടാനുള്ള ഉടമകളുടെ ശ്രമത്തെ പൊലീസ് എതിർക്കാനാണ് സാധ്യത. സംസ്ഥാനത്ത് ഇതിനുമുൻപ് ഉണ്ടായിട്ടുള്ള സമാന സ്വഭാവമുള്ള മറ്റു ചില കേസുകളിൽ വിചാരണ പൂർത്തിയായതിന് ശേഷം മാത്രമാണ് ഇത്തരം വാഹനങ്ങൾ ഉടമയ്ക്ക് വിട്ടു കൊടുത്തിട്ടുള്ളത്.

തിരുവല്ല, പുളിക്കീഴ് പൊലീസ് വർഷങ്ങളായി പല കേസിൽ കസ്റ്റഡിയിലെടുത്തിട്ടുള്ള ഒട്ടേറെ വാഹനങ്ങൾ പൊലീസ് സ്റ്റേഷനു സമീപത്ത് കമ്പനി വക സ്ഥലത്ത് ഇട്ടിട്ടുണ്ട്. നിലവിൽ സ്റ്റേഷന്റെ പ്രവേശന കവാടം പോലും അടച്ചാണ് ഇവ ഇട്ടിരിക്കുന്നത്. പെട്ടന്ന് തീ പിടിക്കാൻ സാധ്യതയുള്ള സ്പിരിറ്റ് ആയതിനാൽ ഇവ കുറെക്കൂടി സുരക്ഷിത സ്ഥലത്ത് സൂക്ഷക്കണമെന്നാണ് ആവശ്യം.