മാഹി:
മാഹിയിൽ മിക്ക റവന്യൂ സർട്ടിഫിക്കറ്റുകളും ഓൺലൈനായാണ് ലഭിക്കുന്നതെങ്കിലും നാലിൽ മൂന്ന് വില്ലേജ് ഓഫിസുകളിലും കമ്പ്യൂട്ടറുകൾ ഇല്ലാത്തത് ഉദ്യോഗസ്ഥരെ ദുരിതത്തിലാക്കുന്നു. മാഹിയിലെ റവന്യൂ ഓഫിസുകളിൽനിന്ന് സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ഓൺലൈനായി മാത്രമെ അപേക്ഷ സ്വീകരിക്കുകയുള്ളൂവെന്ന് കൊവിഡ് ഒന്നാം ഘട്ടത്തിൽ തന്നെ സർക്കാർ അറിയിപ്പുണ്ടെങ്കിലും പള്ളൂർ എത്താ സിവിൽ ഓഫിസിലുള്ള പള്ളൂർ, ചാലക്കര, പന്തക്കൽ വില്ലേജ് ഓഫിസർമാരാണ് അത്യാവശ്യ ഘട്ടങ്ങളിൽ വീട്ടിലുള്ള ലാപ്ടോപ് കൊണ്ടുവന്ന് സർക്കാർ സേവനം നടത്തുന്നത്.
താമസം, വരുമാനം, ജാതി എന്നിവയുൾപ്പെടെയുള്ള നിരവധി സർട്ടിഫിക്കറ്റുകളാണ് വില്ലേജ് അഡ്മിനിസ്ട്രേഷൻ ഓഫിസുകളിൽ നിന്ന് ലഭിക്കേണ്ടത്. താലൂക്കോഫിസിൽ തന്നെ പ്രവർത്തിക്കുന്നതിനാൽ മാഹി വില്ലേജ് ഓഫിസിന് ഈ പ്രയാസം നേരിടേണ്ടി വരുന്നില്ല.
പുതുച്ചേരി സംസ്ഥാനത്ത് ഓഫിസുകളിൽ ആദ്യമായി കമ്പ്യൂട്ടർവത്കരണം നടത്തിയത് മാഹിയിലാണെന്നും ഓഫിസുകളിൽ പുതുച്ചേരി സർക്കാർ ഉടൻ കമ്പ്യൂട്ടർ അനുവദിക്കണമെന്നും കൗൺസിൽ ഓഫ് സർവിസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി കെ ഹരീന്ദ്രൻ ആവശ്യപ്പെട്ടു. മാഹിയിലെ വൈദ്യുതി ഓഫിസുകളിൽ കമ്പ്യൂട്ടർ ബില്ലാണ് നൽകുന്നതെങ്കിലും പല ഓഫിസുകളിലും പഴയ രീതിയിലാണ് രസീത് നൽകുന്നത്.