കോഴിക്കോട്:
ദേശീയ പ്രാധാന്യമുള്ള 94 തണ്ണീർത്തടങ്ങളിലൊന്നായി പ്രഖ്യാപിച്ച കോട്ടൂളി നീർത്തടം മേഖലയിൽ വ്യാപകമായി മണ്ണിട്ട് നികത്തലും മാലിന്യ നിക്ഷേപവും കണ്ടൽക്കാട് നശിപ്പിക്കലും തുടരുന്നു. ഏറ്റവുമൊടുവിൽ മാവൂർ റോഡിനോട് ചേർന്ന ഒരേക്കറിലേറെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നുവെന്നാണ് പരാതി. കോട്ടൂളി വില്ലേജിൽപെട്ട തണ്ണീർത്തടമായി പ്രഖ്യാപിച്ച മേഖലയിലാണിത്.
ഭൂമി തരംമാറ്റാൻ സ്വകാര്യവ്യക്തികൾ ശ്രമിച്ചെങ്കിലും പൊതുപ്രവർത്തകർ ഇടപെട്ടതോടെ അധികൃതർ അതിന് തയാറായില്ല. ആഗസ്റ്റിൽ മണ്ണിടൽ തുടങ്ങിയത് സി പി എം ആഭിമുഖ്യത്തിൽ നാട്ടുകാർ തടഞ്ഞു. അധികാരികൾക്ക് പരാതി കൊടുത്തതോടെ മണ്ണിടൽ നടപടികൾ തടഞ്ഞ് ഉത്തരവുമായി.
എന്നാൽ, സെപ്റ്റംബറിൽ വീണ്ടും മണ്ണടിച്ചു. അന്ന് നാട്ടുകാർ ഇടപെട്ട് ജെസിബി പിടിച്ചെടുത്തുവെങ്കിലും റവന്യൂ വകുപ്പ് തിരിച്ചു നൽകി. കഴിഞ്ഞ ദിവസം വീണ്ടും മണ്ണടിച്ചപ്പോൾ നാട്ടുകാർ പിടികൂടിയ ജെസിബി ഇപ്പോൾ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലാണ്.
യന്ത്രമുപയോഗിച്ച് വ്യാപകമായി കണ്ടൽ ചെടികൾ നശിപ്പിച്ചിട്ടുമുണ്ട്. റവന്യൂ വാർഡുകൾക്കിടയിലുള്ള തോടും കൈയേറിക്കഴിഞ്ഞു. 240 ലേറെ അപൂർവ സസ്യങ്ങളും 70 ലേറെ പക്ഷികളും മത്സ്യങ്ങളും മറ്റ് ജീവജാലങ്ങളുമടങ്ങിയ ജൈവ വൈവിധ്യമേഖലയാണ് കോട്ടൂളി.