Wed. Nov 6th, 2024
തോട്ടട:

വിവാഹ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന മദ്യ സൽക്കാരങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ച് ചാല 12 കണ്ടി പ്രദേശം. വിവാഹ ആഘോഷങ്ങൾ അതിരു വിടുന്നതു തടയുന്നതിന് ചാല 12 കണ്ടിയിലെ കുടുംബങ്ങളുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിന്റേതാണു തീരുമാനം.  ഈ പ്രദേശത്താണ് വിവാഹ ദിവസമുണ്ടായ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ടത്. ഇതിനെ തുടർന്നായിരുന്നു സർവകക്ഷി യോഗം.

വിവാഹ തലേന്നു നടക്കുന്ന സൽക്കാര പരിപാടികൾ രാത്രി വൈകുന്നതു വരെ നീളുന്നത് ഒഴിവാക്കും. സ്പീക്കറുകൾ ഉപയോഗിച്ച് ഉച്ചത്തിൽ പാട്ടു വച്ച് പരിസരത്തിന്റെ ഉറക്കം കളയുന്ന പ്രവണത തടയും. ദൂരെയുള്ള സ്ഥലങ്ങളിലെ വിവാഹങ്ങൾക്ക് നാട്ടിലെ യുവാക്കൾ സംഘടിച്ചു പോകുന്നതു നിയന്ത്രിക്കാനും തീരുമാനമായി. ഇതിനു രക്ഷിതാക്കൾ മുൻകൈ എടുക്കണം.

പ്രദേശത്തു നടക്കുന്ന മറ്റു ചടങ്ങുകളിലും മദ്യം വിളമ്പരുതെന്ന ആവശ്യം സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മുന്നോട്ടു വച്ചു. ഈ ആവശ്യം നടപ്പിലാക്കണമെന്ന തീരുമാനവും യോഗം അംഗീകരിച്ചു. പ്രദേശത്തെ ചില മുതിർന്നവരിൽ അമിത മദ്യപാന ശീലമുണ്ടെന്നും വളർന്നു വരുന്ന തലമുറയ്ക്കു മാതൃകയാകാൻ മുതിർന്നവർ മദ്യപാനം ഒഴിവാക്കണമെന്നും യുവാക്കളുടെ പ്രതിനിധികൾ ആവശ്യപ്പെട്ടു.

പ്രദേശത്ത് വീടുകളിലും പൊതുസ്ഥലങ്ങളിലും കൂട്ടം ചേർന്നു നടത്തുന്ന പരസ്യ മദ്യപാനം തടയാൻ പിന്തുണ നൽകുമെന്നു സ്ത്രീകളെ പ്രതിനിധീകരിച്ച് പ്രസംഗിച്ചവർ ഉറപ്പു നൽകി. പ്രദേശത്തെ സ്ത്രീകളും കുട്ടികളും അടക്കം പങ്കെടുത്ത യോഗം പൊതു പ്രവർത്തകൻ കെ വി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഎം ചാല 12 കണ്ടി ബ്രാഞ്ച് സെക്രട്ടറി കെ സുധി അധ്യക്ഷത വഹിച്ചു.

കോൺഗ്രസ് ചാല 12 കണ്ടി ബൂത്ത് പ്രസിഡന്റ് പുളുക്കായി സുരേശൻ, ബിജെപി പ്രതിനിധി മഹേഷ് കണ്ടോത്ത്, കുന്നുമ്പ്രത്ത് രമേശൻ, കുടുംബശ്രീ പ്രവർത്തക വി വി ദീപ, റൂബി രാജു, പി എം രാജൻ, സി വി,രവീന്ദ്രൻ, യൂത്ത് കോൺഗ്രസ് പ്രതിനിധി ശരത് പോതുകണ്ടി എന്നിവർ പ്രസംഗിച്ചു.