Wed. Jan 22nd, 2025
കഞ്ചിക്കോട്:

കേരളത്തിന്റെ പ്രധാന വ്യാവസായിക മേഖലയായ കഞ്ചിക്കോട് വൈദ്യുതി വിതരണ പ്രതിസന്ധിക്ക് പരിഹാരമായി സോളാർ വൈദ്യുതി ഉത്പാദനം തുടങ്ങി. മൂന്ന് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ എഴുനൂറിലേറെയുള്ള സംരംഭങ്ങളിലേക്ക് സുഗമമായ വൈദ്യുതി വിതരണം ലക്ഷ്യമിട്ടാണ് കെഎസ്ഇബി 220 കെവി സബ് സ്റ്റേഷൻ വളപ്പിൽ മൂന്ന് മെഗാവാട്ട് സൗരോർജ പദ്ധതി ഉദ്ഘാടനം ചെയ്തത്.

കെഎസ്ഇബിയുടെ സ്ഥലത്ത് നിർമിച്ച സംസ്ഥാനത്തെ വലിയ ഗൗണ്ട് മൊണ്ടഡ് സോളാർ പ്ലാൻറുകളിലൊന്നാണ് കഞ്ചിക്കോട്ടേത്. പതിനാറ് കോടിയിലേറെ ചിലവഴിച്ചാണ് വൈദ്യുതോത്പാദന യൂണിറ്റ് തുടങ്ങിയത്. പൊതുമേഖലാ സ്ഥാപനമായി ഇൻകെലിനായിരുന്നു നിർമാണ ചുമതല. മന്ത്രി കെ കൃഷ്ണൻകുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു.

25 വർഷമാണ് പ്ലാൻറിന്റെ പ്രവർത്തന ദൈർഘ്യം. കഞ്ചിക്കോട് ഇരുപത് വർഷം മുമ്പ് നിർണിച്ച കാറ്റാടി നിലയങ്ങളുടെ ശേഷി വർദ്ധിപ്പിച്ച് നവീകരിക്കാനും വ്യവസായ മേഖലയിലേക്ക് മാത്രമായി പുതിയ സബ് സ്റ്റേഷൻനിർമിക്കാനും നീക്കമുണ്ട്. കഞ്ചിക്കോട്ടെ മൂന്ന് മെഗാവാട്ട് സോളാർ പ്ലാൻറിൽ നിന്ന് പ്രതിവർഷം അമ്പത് ലക്ഷം യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് നൽകാനാവും.