Thu. Apr 10th, 2025 11:26:07 AM
കൊച്ചി:

ഒരു വീട്ടമ്മയുടെ അതിജീവനകഥയുമായി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയിലേക്ക് നവ്യാ നായര്‍ തിരിച്ചുവരുന്ന “ഒരുത്തി’ മാർച്ച് 11ന് തിയേറ്ററിലെത്തും. വളരെ സാധാരണക്കാരിയായ വീട്ടമ്മയാണ് രാധാമണി (നവ്യാ നായര്‍) അവരുടെ ജീവിതത്തിലേക്ക് ആകസ്‌മികമായി വന്നുചേരുന്ന ചില സംഭവങ്ങളും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ പോരാട്ടത്തിന്‍റെയും സഹനത്തിന്‍റെയും കഥയാണ് ഒരുത്തി പറയുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ ഒരുത്തിയിലൂടെ മലയാളത്തിലേക്ക് വരുകയാണ്. വിനായകന്‍റെ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് ഒരുത്തിയിലേത്. നായക പ്രാധാന്യമുള്ള റോളാണ് വിനായകന്‍റേത്. പൊതുവെ മലയാള സിനിമയില്‍ വിനായകന്‍ ചെയ്‌തിട്ടുള്ള വേഷങ്ങളില്‍ നിന്ന് വളരെ വ്യത്യസ്‌ത‌മാണ് ചിത്രത്തിലെ സബ് ഇന്‍സ്പെക്‌ടറുടെ റോള്‍.

ആക്ഷനും കോമഡിയുമുള്ള ചിത്രത്തില്‍ ഹൃദയഹാരിയായ രണ്ട് പാട്ടുകളുമുണ്ട്. വൈപ്പിനായിരുന്നു പ്രധാന ലൊക്കേഷന്‍. വൈപ്പിനിലെ പ്രാദേശിക സംസാര രീതിയും സിനിമയുടെ പുതുമയാണ്. കേരളത്തിന്‍റെ സാമൂഹ്യ – രാഷ്ട്രീയ വിഷയങ്ങളും ഒരുത്തിയില്‍ പരോക്ഷമായി ചൂണ്ടിക്കാണിച്ചുപോകുന്നുണ്ട്.