രണ്ട് വര്‍ഷത്തോളമായി നിലനില്‍ക്കുന്ന കൊവിഡ് സാഹചര്യം ഏറ്റവും മോശമായി ബാധിച്ച മേഖലകളിലൊന്നാണ് സിനിമാ വ്യവസായം. ഇടയ്ക്ക് തിയേറ്ററുകള്‍ തുറന്നെങ്കിലും മാസങ്ങളുടെ ഇടവേളകളിലെത്തിയ മൂന്ന് തരംഗങ്ങള്‍ വീണ്ടും തിയേറ്റര്‍ വ്യവസായത്തെ ഉലച്ചു.
മൂന്നാം തരംഗത്തിനു പിന്നാലെ തിയേറ്ററുകളെ സജീവമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം ആറാട്ട്. 50 ശതമാനം ഒക്കുപ്പന്‍സിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെങ്കിലും ചിത്രം മികച്ച ഓപണിംഗ് കളക്ഷന്‍ നേടിയെന്നാണ് സിനിമാ വ്യവസായത്തിന്‍റെ വിലയിരുത്തല്‍. ചിത്രം ആദ്യദിനം നേടിയ കളക്ഷന്‍ എത്രയെന്ന് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
എന്‍റര്‍ടെയ്ന്‍മെന്‍റ് വെബ്സൈറ്റ് ആയ പിങ്ക് വില്ലയുടെ കണക്ക് പ്രകാരം ആറാട്ട് കേരളത്തിലെ തിയറ്ററുകളില്‍ നിന്നു മാത്രം ആദ്യദിനം നേടിയത് ഏകദേശം 3.50 കോടിയാണ്. കേരളത്തിനു പുറത്തുള്ള മറ്റ് ഇന്ത്യന്‍ സെന്‍ററുകളില്‍ നിന്ന് 50 ലക്ഷത്തോളവും.
അങ്ങനെ ആറാട്ടിന്‍റെ റിലീസ് ദിന ഇന്ത്യന്‍ കളക്ഷന്‍ 4 കോടിയാണെന്നാണ് അവരുടെ വിലയിരുത്തല്‍. മലയാളത്തിലെ ഈ വര്‍ഷത്തെ റിലീസുകളില്‍ ഏറ്റവും മികച്ച ഓപണിംഗ് ആണിത്.