Thu. Dec 19th, 2024
തൃക്കുന്നപ്പുഴ:

ആറാട്ടുപുഴ ബസ് സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റുകൾ ദ്രവിച്ച് അടർന്ന്  ബന്ധം വേർപെട്ട് വയറുകളിൽ തൂങ്ങി കിടക്കുന്നു. ഇവിടെ കിഴക്കോട്ടുള്ള റോഡിന്റെ തുടക്കഭാഗത്തിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ 3 ലൈറ്റുകൾ ഇത്തരത്തിൽ തൂങ്ങി കിടക്കുന്നത് അപകടഭീഷണി ഉയർത്തുകയാണ്. തിരക്കേറിയ ഭാഗത്തെ ഹൈമാസ്റ്റ് ലൈറ്റാണ്.

ഏത് സമയവും നിലം പൊത്താവുന്ന അവസ്ഥയാണ്. ഇത് നന്നാക്കി കത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ഏറെക്കാലമായി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെടുന്നുവെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. ഹൈമാസ്റ്റ് ലൈറ്റിൽ ആകെ 6 ലൈറ്റുകളുണ്ട്. ഇവയിൽ 3 എണ്ണമാണ് വയറിൽ തൂങ്ങി കിടക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ്. തുടക്കത്തിൽ കുറച്ച് നാൾ മാത്രമാണ് കത്തിയത്. തുടർന്ന് അധിക‍ൃർ തിരിഞ്ഞു നോക്കിയിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.

ഇത് കത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എൻ സജീവൻ പറഞ്ഞു. വലിയഴീക്കൽ ലൈറ്റ് ഹൗസിനു സമീപത്തെ ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ടും ഏറെക്കാലമായി. ഇത് നന്നാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി പഞ്ചായത്ത് അധികൃതർ പറയുന്നു.

ആറാട്ടുപുഴ പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിലെ ഒട്ടേറെ തെരുവ് വിളക്കുകൾ കത്തുന്നില്ല. ഇട റോഡുകളിലും മറ്റും തെരുവ് വിളക്കുകൾ സ്ഥാപിക്കേണ്ട ഏറെ ഭാഗങ്ങളുണ്ട്. ആറാട്ടുപുഴ വൈദ്യുതി സെക്​ഷൻ ഓഫിസിന്റെ പരിധിയിൽ 6,7,8  വാർഡുകളിലും ആറാട്ടുപുഴ കിഴക്കേക്കരയിൽ  മുതുകുളം സെക്​ഷന്റെ പരിധിയിൽ 3ൽ  നാലാം വാർഡിൽ ഭാഗികമായും തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനായി വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനു  തുക മാറ്റിവച്ചതായി പഞ്ചായത്ത് അധികൃതർ പറയുന്നു.

നിലാവ് പദ്ധതി പ്രകാരം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലുമായി 1000 തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ തീരുമാനിക്കുകയും ഇതിനായുള്ള പണം അടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവയിൽ 500 തെരുവ് വിളക്കുകൾ മാത്രമാണ് വൈദ്യുതി ബോർഡ് സ്ഥാപിച്ചത്. ഇവയിൽ പലതും കേടായി. തകരാറിലായ തെരുവ്  വിളക്കുകൾ നന്നാക്കുകയും അവശേഷിക്കുന്ന 500 തെരുവ് വിളക്കുകൾ അടിയന്തരമായി സ്ഥാപിക്കുകയും വേണം എന്നാണ് ആവശ്യം.