Mon. Dec 23rd, 2024
ചെറുപുഴ:

ബസ് സ്റ്റാൻഡിലേക്ക് ബസുകൾ പ്രവേശിക്കുന്ന വഴിയിലൂടെ തന്നെ ബസുകൾ പുറത്തേക്ക് പോകുന്നത് അപകടത്തിനു  കാരണമാകുമെന്നു പരാതിയുയരുന്നു. പുളിങ്ങോം, ചിറ്റാരിക്കാൽ, തിരുമേനി,ആലക്കോട്, പയ്യന്നൂർ ഭാഗങ്ങളിൽ നിന്നു വരുന്ന ബസുകൾ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തു കൂടിയാണു ചിറ്റാരിക്കാൽ, പുളിങ്ങോം ഭാഗത്തേക്ക് പോകുന്ന ബസുകൾ പുറത്തേക്ക് പോകുന്നത്.  ഇതുമൂലം ബസുകൾ തമ്മിൽ കൂട്ടിയിടിക്കാനുള്ള  സാധ്യതയുണ്ടെന്നാണു യാത്രക്കാർ പറയുന്നത്.

ചിറ്റാരിക്കാൽ, പുളിങ്ങോം ഭാഗങ്ങളിലേക്ക് പോകുന്ന ബസുകൾ പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിനു പിറകിലൂടെ പോയി പ്രധാന റോഡിൽ പ്രവേശിക്കുകയാണു ചെയ്യേണ്ടത്. എന്നാൽ നിയമം കാറ്റിൽ പറത്തി ചില ഡ്രൈവർമാർ തോന്നിയതുപോലെ ബസ് ഓടിക്കുകയാണ്. ഇതിൽ സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ഉൾപ്പെടും.

പഴയ പഞ്ചായത്ത് ഓഫിസിനു പിറകിലൂടെയുള്ള ബൈപാസ് റോഡിലെ അനധികൃത വാഹന പാർക്കിങ്ങും റോഡിന്റെ തകർച്ചയുമാണു ബസുകൾ വഴി മാറി ഓടിക്കാൻ കാരണമെന്നു പറയുന്നു. ഇതിനുപുറമെ ബസ് സ്റ്റാൻഡിൽ നിന്നു ബസുകൾ പയ്യന്നൂർ ഭാഗത്തേക്കു പോകുന്ന വഴിയിലൂടെയും ബസുകൾ സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കുന്നതും പതിവുസംഭവമാണ്. എന്നാൽ ഇതിനെതിരെ നടപടി എടുക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.