Mon. Dec 23rd, 2024
റിയോ ഡെ ജനീറോ:

ബ്രസീലിയൻ നഗരമായ റിയോ ഡെ ജനീറോയിലെ പർവതമേഖലയായ പെട്രോപൊളിസിൽ കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 117 ആയി. 116 പേരെ കാണാതായി.

മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് അധികൃതർ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. നിരവധി വീടുകൾ തകർന്നു. കാറുകളും ബസുകളുമടക്കമുള്ള വാഹനങ്ങളും പ്രളയജലത്തിൽ ഒഴുകുന്നതി​ന്‍റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. നിരവധി കെട്ടിടങ്ങൾ മണ്ണിനടിയിലാണ്. ദശകങ്ങൾക്കിടെ ആദ്യമായാണ് നഗരത്തിൽ ഇത്രയേറെ ശക്തമായ മഴ പെയ്യുന്നത്.

ദുരന്തത്തിൽ പെട്രോപൊളിസിൽ മൂന്നു ദിവസത്തെ ദുഃഖാചരണം ​പ്രഖ്യാപിച്ചു. പെട്രോപൊളിസിൽ ചൊവ്വാഴ്ച മൂന്നു മണിക്കൂറിനിടെ 25.8 സെ മീ മഴയാണ് പെയ്തത്. 200ലേറെ സൈനികർ രക്ഷാപ്രവർത്തനത്തിനുണ്ട്. ബ്രസീലി​ന്‍റെ രാജകീയ നഗരമെന്നാണ് പെട്രോപൊളിസ് അറിയപ്പെടുന്നത്. ബ്രസീലിയൻ സാമ്രാജ്യത്തിലെ അവസാന ചക്രവർത്തിയായ പെഡ്രോ രണ്ടാമ​ന്‍റെ സ്മരണയിലാണ് ആ പേരു നൽകിയത്.