പഞ്ചാബ്:
തിരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കെതിരെ കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടപ്രകാരമുള്ള അനുവദനീയമായ സമയത്തിനുമപ്പറം പ്രചാരണം നടത്തിയെന്നാണ് പരാതി. ആം ആദ്മി പാര്‍ട്ടിയുടെ മന്‍സ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ഡോ വിജയ് സിഗ്ലയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മന്‍സ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്കൊപ്പം മന്‍സ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പഞ്ചാബി ഗായകനുമായ ശുഭ്ദീപ് സിംഗ് സിദ്ദു മൂസെവാലക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചരണ്‍ജിത് സിംഗ് ചന്നി സിദ്ദു മൂസെവാലക്ക് വേണ്ടിയാണ് പ്രചാരണത്തിനിറങ്ങിയത്.
തിരഞ്ഞെടുപ്പ് പ്രചാരണം വെള്ളിയാഴ്ച വൈകീട്ട് ആറ് മണിക്ക് നിര്‍ത്തണമെന്നായിരുന്നു പെരുമാറ്റചട്ടത്തില്‍ പറഞ്ഞിരുന്നത്. ഞായറാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വെള്ളിയാഴ്ചയായിരുന്നു പരസ്യപ്രചാരണത്തിനുള്ള അവസാന തീയതി. എന്നാല്‍ ചന്നിയും മൂസെവാലയും ആറര കഴിഞ്ഞിട്ടും പ്രചാരണം തുടര്‍ന്നുവെന്നാണ് പരാതി.
ഡോ വിജയ് സിഗ്ല, ആറര കഴിഞ്ഞും ഇവര്‍ പ്രചാരണം നടത്തുന്നതിന്റെ വീഡിയോ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ വെള്ളിയാഴ്ച വൈകുന്നേരമാണ് വീഡിയോ പുറത്തുവിട്ടത്. മറ്റൊരാള്‍ മത്സരിക്കുന്ന മണ്ഡലത്തില്‍ ചന്നി വൈകീട്ട് ആറ് മണിക്ക് ശേഷം പ്രചാരണം നടത്തിയെന്നാണ് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്. മൂസെവാല നടത്തിയ ഡോര്‍-ടു-ഡോര്‍ ക്യാമ്പെയിനിന് വേണ്ടി 400ലധികം പേര്‍ പങ്കെടുത്തതായും എഫ്ഐആറിലുണ്ട്.