Wed. Nov 6th, 2024
ഗുജറാത്ത്:

മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാഥൂറാം ഗോഡ്‌സെ എന്റെ റോൾ മോഡൽ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരം സംഘടിപ്പിച്ചത് വിവാദമായി. ഗുജറാത്തിലെ വൽസാദ് ജില്ലയിലാണ് സംഭവം. വ്യാഴാഴ്ചയാണ് മത്സരം നടന്നത്. ചില പ്രാദേശിക മാധ്യമങ്ങൾ വാർത്തയാക്കിയതോടെയാണ് ഇത് വിവാദമായത്.

വാർത്ത പുറത്തു വന്നതോടെ ജില്ലാ യൂത്ത് ഡവലപ്‌മെന്റ് ഓഫീസറായ മിതാബെൻ ഗാവ്‌ലിയെ സസ്‌പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന യുവജനകാര്യ സാംസ്‌കാരിക വകുപ്പ് മന്ത്രി ഹർഷ് സാങ്‌വി പറഞ്ഞു

ജില്ലാ തലത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ അഞ്ച് മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളാണ് പങ്കെടുത്തത്. മൂന്ന് വിഷയങ്ങളാണ് പ്രസംഗത്തിനായി നൽകിയത്. ‘ആകാശത്ത് പറക്കുന്ന പക്ഷികളെ മാത്രമേ എനിക്കിഷ്ടമുള്ളു’,

‘ഞാൻ ഒരു ശാസ്ത്രജ്ഞനാവും പക്ഷെ യു എസിൽ പോവില്ല’ എന്നിവയായിരുന്നു മറ്റു വിഷയങ്ങൾ. സസ്‌പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്റെ പ്രത്യേക താൽപര്യപ്രകാരമാണ് വിഷയങ്ങൾ തെരഞ്ഞെടുത്തതെന്നാണ് സർക്കാർ വിശദീകരണം.