ഭോപാല്‍:
മദ്രസ ഒഴികെ വിദ്യാഭ്യാസ സ്ഥാപാനങ്ങളിൽ ശിരോവസ്ത്രം അംഗീകരിക്കാനാകില്ലെന്ന് ബിജെപി നേതാവും എം പിയുമായ പ്രഗ്യാ സിങ് താക്കൂര്‍. ബര്‍ഖേദ പഠാനി പ്രദേശത്തെ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
എവിടെയും ഹിജാബ് ധരിക്കേണ്ടതില്ല.
സ്വന്തം വീടുകളിൽ സുരക്ഷിതരല്ലെങ്കിൽ അവിടെ ഹിജാബ് ധരിച്ചോളൂ. എന്നാൽ പുറത്തിറങ്ങുമ്പോൾ പ്രത്യേകിച്ച് പഠിക്കുന്ന സ്ഥലങ്ങളിൽ ഹിജാബ് ധരിക്കാൻ പറ്റില്ല.’ ‘നിങ്ങള്‍ക്ക് മദ്രസകളുണ്ട്. അവിടെ ഹിജാബ് ധരിച്ചാൽ ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ ആചാരം പിന്തുടരാം.
എന്നാല്‍ നിങ്ങള്‍ രാജ്യത്തെ സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് ധരിക്കാൻ തുടങ്ങിയാല്‍ അത് അനുവദിച്ച് തരില്ല’ -പ്രഗ്യ വ്യക്തമാക്കി.
ഗുരുകുലത്തിലെ വിദ്യാർത്ഥികൾ കാവി വസ്ത്രം ധരിക്കുന്നു, എന്നാല്‍ ആ വിദ്യാർത്ഥികളും അവരുടെ സ്‌കൂളുകളില്‍ പോകുമ്പോള്‍ സ്‌കൂള്‍ യൂണിഫോം ധരിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്കം പാലിക്കുകയും ചെയ്യുന്നുണ്ടെന്നും ബിജെപി നേതാവ് പറഞ്ഞു.
ഹിജാബ് ഒരു പര്‍ദയാണ്. നിങ്ങളെ ദുഷിച്ച കണ്ണുകളോടെ കാണുന്നവര്‍ക്കെതിരെ പര്‍ദ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഹിന്ദുക്കള്‍ സ്ത്രീകളെ ദുഷിച്ച കണ്ണുകളോടെ കാണില്ലെന്ന് ഉറപ്പാണ്, കാരണം അവർ സ്ത്രീകളെ ആരാധിക്കുന്നവരാണ് -പ്രഗ്യാ സിങ് കൂട്ടിച്ചേർത്തു.