Fri. Nov 22nd, 2024
പയ്യോളി:

ദേശീയപാത വികസനത്തിന് ഭൂമി വിട്ടു നൽകിയ വയോധിക വീട്ടിൽ കയറാൻ വഴിയില്ലാതെ കുഴങ്ങുന്നു. മൂരാട് ഓയിൽ മില്ലിനു സമീപം അരളും കുന്നിൽ സുശീല (75) യ്ക്കാണ് ഈ ദുർഗതി. വീടിന്റെ മുൻവശം ക്രമാതീതമായി ഇടിച്ചു നിരത്തിയതോടെ വീടു തന്നെ അപകടാവസ്ഥയിലാണ്.

ദേശീയ പാത വികസനത്തിന്റെ ഭാഗമായി കുന്നിടിച്ച് നിരപ്പാക്കിയതോടെയാണ് ഈ വയോധികയും കുടുംബവും താമസിക്കുന്ന വീട് 30 മീറ്ററോളം ഉയരത്തിലായത്. വീടിന്റെ മുൻവശത്തെ 11 സെന്റ് സ്ഥലമാണ് സുശീല പാതയ്ക്കായി വിട്ടു നൽകിയത്.
ഇനിയുള്ളത് വീട് നിൽക്കുന്നതടക്കം 7 സെന്റ് സ്ഥലമാണ്.

വീടിന്റെ മുൻവശത്ത് അര മീറ്റർ മാത്രമേ മുറ്റമുള്ളു. മുൻവശത്ത് 5 മീറ്റർ സ്ഥലം ലഭിക്കുമെന്ന് നേരത്തേ ദേശീയപാത അധികൃതർ ഇവരോട് പറഞ്ഞിരുന്നു. 18 വർഷമായി ജീവിച്ച വീട്ടിലേക്ക് കയറിപ്പോകാനാണ് വഴി നഷ്ടപ്പെട്ടത്. മാത്രമല്ല അശാസ്ത്രീയമായ കുന്നിടിച്ച് നിരപ്പാക്കലിനെ തുടർന്ന് വീട് നിലം പൊത്താവുന്ന അവസ്ഥയിലുമാണ്.

സുരക്ഷിതമല്ലാത്ത വീട്ടിൽ കഴിയാൻ ഭയമുള്ളതിനാൽ വീടും അവശേഷിക്കുന്ന സ്ഥലവും കൂടി സർക്കാർ ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്നാണ് ഇവരുടെ അപേക്ഷ. സ്വന്തം വീട്ടിലേക്ക് പോകാൻ കഴിയാത്തതിനാൽ മകൻ സുരേഷ് ബാബുവിന്റെ കൂടെയാണ് ഇപ്പോൾ താമസം. തന്റെ ദയനീയ അവസ്ഥ ചൂണ്ടിക്കാട്ടി കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും അനുകൂല മറുപടി ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്.  കെ മുരളീധരൻ എംപിക്ക് നിവേദനം നൽകി.