കൊണ്ടോട്ടി:
അസംസ്കൃത വസ്തുക്കളുടെ അളവിലെ കുറവും ഗുണമേന്മയില്ലായ്മയും നിര്‍മാണമേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു. സ്വകാര്യ നിര്‍മാണമേഖലയില്‍ സര്‍ക്കാർ ഇടപെടല്‍ ഇല്ലാത്തത് മുതലെടുത്താണ് തട്ടിപ്പ് വ്യാപകമാകുന്നത്. നിര്‍മാണ ചെലവിലെ വർദ്ധന മറികടക്കാന്‍ ചെങ്കല്ലിന്റെ അളവില്‍ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
കെട്ടിട നിര്‍മാണത്തിനുപയോഗിക്കുന്ന ചെങ്കല്ലുകള്‍ക്ക് 40 സെന്റീമീറ്റര്‍ നീളവും 23 സെന്റീമീറ്റര്‍ വീതിയും 18 സെന്റീമീറ്റര്‍ കനവുമാണ് വേണ്ടത്. എന്നാല്‍, ഇപ്പോള്‍ ലഭിക്കുന്ന മിക്ക കല്ലുകള്‍ക്കും 29 മുതല്‍ 32 സെ മീ വരെ മാത്രമാണ് നീളമെന്നും വീതി 20 സെ മീ ആയി കുറയുമ്പോള്‍ കനം 20 സെ മീ വരെ കൂടുകയുമാണെന്ന് നിര്‍മാണരംഗത്തുള്ളവര്‍ പറയുന്നു. ശാസ്തീയമായുണ്ടാകേണ്ട അളവ് കുറയുന്നത് കെട്ടുറപ്പിനെ സാരമായി ബാധിക്കുന്നുണ്ട്.
ലംബമായി വരുന്ന ഭാരം പ്രതിരോധിക്കാന്‍ കല്ലുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസത്താല്‍ സാധിക്കുന്നില്ല. മഴക്കാലത്ത് വെള്ളമുയരുമ്പോളും നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യുമ്പോളും ഭിത്തികള്‍ തകരുന്നത് അളവിലെ കുറവിനാലാണെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കല്ലുകളുടെ ശാസ്ത്രീയ അളവ് പരിശോധിക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ല. ഖനനാനുമതി നല്കുന്ന വകുപ്പുകളും അളവുതൂക്ക വിഭാഗവും ചേര്‍ന്നുള്ള പ്രത്യേക സംവിധാനം ഒരുക്കണമെന്ന ആവശ്യം കാലങ്ങളായുള്ളതാണ്.