Mon. Dec 23rd, 2024
കൊച്ചി:

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെയും കൂട്ടുപ്രതികളെയും വീണ്ടും ചോദ്യം ചെയ്യും. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള ക്രൈംബ്രാഞ്ചിന്‍റെ നിർദേശം അനൂപിനും സുരാജിനും ലഭിച്ചു.

ഇന്നലെ ഹാജരാകാൻ ക്രൈംബ്രാഞ്ച് അനൂപിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, അനൂപ് ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. നോട്ടീസും കൈപ്പറ്റിയില്ല. ഇതോടെ ഇവരുടെ വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് പതിച്ചു. അനൂപിന്റെ ഒരു ഫോണിന്റെ പരിശോധന ഫലം ലഭിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കൂടിയാണ് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. തന്‍റെ ബന്ധു മരിച്ചതിനാലാണ് ഹാജരാകാൻ കഴിയാത്തതെന്നാണ് അനൂപിന്‍റെ വിശദീകരണം. തിങ്കളാഴ്ച ഹാജരാകണമെന്നാണ് സുരാജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈം ബ്രാഞ്ചിന് ലഭിച്ച ദിലീപിന്റെ ഫോണുകളുടെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണ്.