Fri. Nov 22nd, 2024

സിനിമയെ വിലയിരുത്തുമ്പോള്‍ അതിനെക്കുറിച്ച് എന്തെങ്കിലും ധാരണവേണമെന്ന് നടൻ മോഹൻലാൽ. പുതിയ സിനിമയായ ആറാട്ടിന്റെ പ്രമോഷനോടനുബന്ധിച്ച് സ്വകാര്യ ചാനലിനോട് സംസാരിക്കുമ്പോഴാണ് അ​ദ്ദേഹം ഇങ്ങിനെ പറഞ്ഞത്.

മലയാള സിനിമകൾക്കെതിരെ നടക്കുന്ന ഹേറ്റ് ക്യാംപയിനെകുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് ഉത്തരമായാണ് നടൻ നിലവിലെ സമൂഹമാധ്യമ വിചാരണകളെ വിമർശിച്ചത്. ഒരു തരത്തിലും സിനിമയുമായി ബന്ധമില്ലാത്തവരാണ് സിനിമയെ കുറിച്ച് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു തരത്തിലും സിനിമയുമായി ബന്ധമില്ലാത്തവരാണ് സിനിമയെ കുറിച്ച് പറയുന്നത്. ഒരാള് അതിന്റെ എഡിറ്റിങ് ശരിയല്ല എന്നു പറഞ്ഞുകഴിഞ്ഞാല്‍ അയാള്‍ക്ക് എഡിറ്റിങ്ങിനെ കുറിച്ച് എന്തെങ്കിലും അറിയണ്ടേ? വിമര്‍ശിക്കുന്നവര്‍ക്ക് അതിനെ കുറിച്ച് എന്തെങ്കിലും ഒരു ധാരണ വേണം. ഇതിന്റെ പിന്നിലുള്ള പ്രയത്നത്തെ കുറിച്ച് മനസിലാക്കണം.

ഇത് വലിയൊരു വ്യവസായമാണ്. ഒരുപാട് കുടുംബങ്ങളുള്ള വ്യവസായമാണ്. ഒരു സിനിമ മോശമാകുക എന്നുള്ളതല്ലല്ലോ. കോവിഡ് സമയത്തൊക്കെ ഞാന്‍ ഹൈദരബാദില്‍ ആയിരുന്നു. ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങിന്. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടെയുള്ള സിനിമാക്കാരും പ്രേക്ഷകരും സപ്പോര്‍ട്ട് ചെയ്യുന്നു.

അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമ ഇഷ്ടപ്പെടുന്ന ആളുകള്‍ സംസാരിക്കില്ല. ആവശ്യമില്ലാത്ത ഒരു കാര്യവും അവര്‍ സിനിമയെ കുറിച്ച് എഴുതില്ല. സിനിമയെ നന്നായിയേ എഴുതുകയുള്ളൂ’-മോഹൻലാൽ പറയുന്നു.