വലിയതുറ:
ഭൂരിപക്ഷം അംഗന്‍വാടികളും തുറന്നത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകളില്ലാതെ. തദ്ദേശവകുപ്പ് എൻജിനീയറോ ഓവര്‍സിയറോ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതടക്കം എല്ലാ അംഗൻവാടികളുടെയും സുരക്ഷ പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ഇവയില്ലാത്ത കെട്ടിടങ്ങളില്‍ അംഗൻവാടികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നുള്ള സാമൂഹികനീതിവകുപ്പിന്റെ നിര്‍ദേശം കാറ്റില്‍പറത്തിയാണ് തിങ്കളാഴ്ച മുതല്‍ ജില്ലയിലെ ബഹുഭൂരിപക്ഷം അംഗന്‍വാടികളും കുരുന്നുകളെ എതിരേറ്റത്.
കൊവിഡിന് തൊട്ടുമുമ്പ് ലോക്കല്‍ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പലയിടങ്ങളിലും അപകടകരമായ അവസ്ഥയിലുള്ള കെട്ടിടങ്ങളിലാണ് അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത് കുരുന്നുകളുടെ ജീവനുകള്‍ക്ക് തന്നെ ഭീഷണിയാണന്നും ഇതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിന് ചുമതലയുള്ളവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താനോ വാടകകെട്ടിങ്ങളില് പരിശോധന നടത്തി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനോ തയാറാകാത്തതാണ് സുരക്ഷയില്ലാത്ത കെട്ടിടങ്ങള്‍ക്ക് താഴെ കുരുന്നുകള്‍ക്ക് വീണ്ടും എത്തേണ്ടിവന്നത്.
2011 മാര്‍ച്ച് 22ന് തദ്ദേശവകുപ്പ് ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം എല്ലാ വര്‍ഷവും സ്വന്തമായി കെട്ടിടമുള്ളതോ സര്‍ക്കാറിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ അധീനതയിലുള്ള സ്ഥാപനങ്ങളിലോ പ്രവര്‍ത്തിച്ചുവരുന്ന അംഗൻവാടികളുടെ വാര്‍ഷിക അറ്റകുറ്റപ്പണി കൃതമായി ചെയ്തിരിക്കണമെന്നാണ് സാമൂഹികനീതിവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. അംഗൻവാടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ അറ്റകുറ്റപ്പണി നടത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷന്മാര് എല്ലാ വര്‍ഷവും ഐസിഡിഎസ് സൂപ്പര്‍വൈസര്‍ അംഗൻവാടി പ്രവര്‍ത്തകര്‍, എൻജിനീയര്‍/ഓവര്‍സിയര്‍ എന്നിവരുടെ യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതി വിലിയിരുത്തുകയും വ്യക്തമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കി അംഗന്‍വാടികളുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകണമെന്നാണ് നിര്‍ദേശം. ഇത് കാലങ്ങളായി പലയിടത്തും പാലിക്കപ്പെടാറില്ല.
കെട്ടിടയുടമകള്‍ വാടക കൃത്യമായി കൈപ്പറ്റിയതല്ലാതെ പലയിടത്തും പേരിന് പോലും അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ തയാറായിട്ടില്ലന്ന് കുട്ടികളുടെ രക്ഷാകര്ത്താക്കള് തന്നെ ആരോപിക്കുന്നു. ഭൂരിപക്ഷം അംഗന്‍വാടികളും പ്രവര്‍ത്തിക്കുന്നത് വെളിച്ചമോ വായുവോ കടക്കാത്ത ഒറ്റമുറി കെട്ടിടങ്ങളിലാണ്. ചുറ്റുമതില്‍ ഉണ്ടായിരിക്കണമെന്ന് കര്‍ശനനിര്‍ദേശവും ഉണ്ട്. പല കെട്ടിടങ്ങളും റോഡിനോട് ചേര്‍ന്നുള്ള കടമുറികളിലാണ് പ്രവർത്തിക്കുന്നത്.