കോഴിക്കോട്:
സർക്കാറിനോട് ആവശ്യങ്ങൾ പറഞ്ഞ് തൊണ്ടയിലെ വെള്ളം വറ്റി. ഇനി ഒന്നും പറയാനില്ല. ഉണക്കാനിട്ട തുണികൾക്കൊപ്പം എന്നോ വരണ്ടുപോയ പ്രതീക്ഷകളുടേതാണ് മുതലക്കുളം ധോബി ഘാനയിലെ അലക്കുജോലിക്കാരിയായ തങ്കത്തിൻറെ വാക്കുകൾ.
നൂറ്റാണ്ടുകളായി അനുവദിച്ചുകിട്ടിയ തൊഴിലിടം സർക്കാർ പിടിച്ചെടുക്കുമെന്ന ആശങ്കയുണ്ട് 70 പിന്നിട്ട അവരുടെ വാക്കുകളിൽ. 1997ൽ ഈ മണ്ണിൽനിന്ന് കുടിയൊഴിപ്പിക്കപ്പെട്ടതാണ് അലക്കുകാർ. വീടുകൾ മൈതാനത്തിെൻറ അരികിലായിരുന്നു.
മുതലക്കുളത്തിെൻറ ‘അവകാശികൾ’ പക്ഷേ തൊഴിലിടം വിട്ടുകൊടുത്തില്ല. ഇപ്പോൾ പാർക്കിങ്ങിനായി മുതലക്കുളമേറ്റെടുക്കാനുള്ള നീക്കത്തിലാണ് കോർപറേഷൻ. ഈ ‘കുടിയൊഴിപ്പിക്കൽ’ എങ്ങനെ ചെറുക്കുമെന്ന ആലോചനയിലാണ് പരമ്പരാഗത അലക്കുകാർ.
നഗരത്തിലെ ലോഡ്ജുകളിൽനിന്നും തറവാടുകളിൽനിന്നും അലക്കാനുള്ള തുണികൾ കൊണ്ടുവന്ന് ‘അടിച്ചു തിരുമ്പിയുണക്കി’ ക്കൊടുത്ത് ഉപജീവനം നടത്തുന്ന നൂറിലേറെ കുടുംബങ്ങളുടെ പണിശാലയാണിത്. തമിഴ്നാട്ടിൽനിന്ന് കുടിയേറിയവരുടെ പരമ്പരയിൽപെട്ടവരാണ് ഇവിടെ നൂറ്റാണ്ടുകളായി അലക്കുജോലി ചെയ്ത് ജീവിക്കുന്നത്. അലക്കൽ കുലത്തൊഴിലായ വണ്ണാൻ സമുദായത്തിൽ പെട്ടവരാണിവിടത്തെ തൊഴിലാളികൾ.
മധ്യവയസ്കരും പ്രായമേറെയായവരും ഇക്കൂട്ടത്തിലുണ്ട്. നഗരം വികസിക്കുംമുമ്പ് വലിയൊരു തൊഴിൽമേഖലയായിരുന്നു ഇത്. ബ്രിട്ടീഷുകാർ 1937ൽ കുഴിച്ച കിണറിലെ വെള്ളം കയറും ബക്കറ്റും വെച്ച് കോരിയെടുത്താണ് ഇന്നും ഇവർ ജോലി ചെയ്യുന്നത്.
മുതലക്കുളത്തിൻറെ ഉടമസ്ഥരെന്ന് പറയുന്ന കോർപറേഷന് വേണമെങ്കിൽ ഇവർക്കൊരു പമ്പുസെറ്റ് സ്ഥാപിച്ച് പൈപ്പിലൂടെ വെള്ളം ലഭ്യമാക്കാമായിരുന്നു. പൈതൃക സംരക്ഷണത്തിൻറെ ഭാഗമായി ഇവിടെ നവീകരിക്കാമായിരുന്നു. അത്തരം ശ്രദ്ധകളൊന്നും സർക്കാറിെൻറ ഭാഗത്തുനിന്ന് ഇവർക്കില്ല.
നേരം വെളുക്കുംമുമ്പ് ഇവിടെ ജോലി തുടങ്ങും. കിണറ്റിൽനിന്ന് വെള്ളം കൈകൊണ്ട് കോരി അലക്കുകല്ലുകൾക്കടുത്ത സിമന്റ് വീപ്പയിൽ നിറക്കണം. 1997ൽ വീടൊഴിപ്പിച്ച് 22 വർഷം പുറത്തുനിർത്തിയ ശേഷം 2019 ലാണ് ഇവർക്ക് കല്ലുത്താൻകടവിൽ വീട് നൽകിയത്.
സർക്കാർ ഈ തൊഴിലിടത്തിൽ നവീകരണം കൊണ്ടുവരുകയാണ് വേണ്ടതെന്ന് വണ്ണാൻസമുദായത്തിൽപെട്ട സുരേന്ദ്രൻ പറയുന്നു. തിരുവനന്തപുരത്തെ തൈക്കാട്ടും കൊച്ചിയിലെ തോപ്പുംപടിയിലും കണ്ണൂരിലെ ആയിക്കരയിലും സമാനമായ രീതിയിൽ ധോബി ഘാനകളുണ്ട്. അവിടെയൊക്കെ തൊഴിലാളികൾക്ക് പ്രാദേശിക സർക്കാറിെൻറ ഭാഗത്തുനിന്ന് പരിഗണന കിട്ടുന്നുണ്ട്. ഇവിടെ തൊഴിലിടം ഇല്ലാതാക്കാനാണ് കോർപറേഷൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമൂതിരി കോവിലകത്തിെൻറ അടുക്കളക്കുളമായിരുന്നത്രെ മുതലക്കുളം. ഇതിലെ വെള്ളം ഉപയോഗയോഗ്യമല്ല എന്ന് പരിശോധനയിൽ തെളിഞ്ഞതിനാൽ ബ്രിട്ടീഷുകാരാണ് കുളം നികത്തിയത്. അക്കാലത്തുതന്നെ ഇവിടെ കിണർ കുഴിച്ചിരുന്നു.