Sat. Jan 18th, 2025
പൊന്നാനി:

സംസ്ഥാനത്തെ ആദ്യ കടൽവെള്ള ശുദ്ധീകരണ ശാല പൊന്നാനിയിൽ ഒരുങ്ങുന്നു. ദിവസം 30 ലക്ഷം ലിറ്റർ കടൽവെള്ളം ശുദ്ധീകരിക്കും. തീരദേശത്തെ ഇരുപതിനായിരത്തോളം പേർക്ക്‌ ഗുണം ലഭിക്കും.
50 കോടിയോളം ചെലവ് വരുന്നതാണ് പദ്ധതി.   

കേന്ദ്ര–സംസ്ഥാന–തദ്ദേശ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് പദ്ധതി ഒരുങ്ങുന്നത്‌. മെക്കാനിക്കൽ വെപ്പർ കംപ്രസർ ഉപയോഗിച്ചായിരിക്കും വെള്ളം ശുദ്ധീകരിക്കുക.  കടലിലെ അടിത്തട്ടിൽനിന്ന് വെള്ളം എത്തിക്കും. ഇതിനാൽ മീൻ പിടിത്തത്തിന്‌ ഭീഷണിയില്ല.

നാല് കിലോമീറ്റർ അകലേക്കാണ് വേസ്റ്റ് വെള്ളം ഒഴുക്കിവിടുക. ഹാർബറിലെ 25 സെന്റ്‌  ഇതിനായി വിട്ടുനൽകും. പ്ലാന്റ്‌ നിർമിക്കാൻ ഹാർബറിൽ കണ്ടെത്തിയ സ്ഥലം വിദഗ്‌ധ സംഘം സന്ദർശിച്ചു.

ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി ശാസ്‌ത്രജ്ഞൻ ഡോ രാജൻ എബ്രഹാം, കേരള വാട്ടർ അതോറിറ്റി അസി എക്സിക്യൂട്ടീവ്‌ എൻജിനിയർ ഇ എ സന്തോഷ് കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ വിദഗ്ധ സംഘമാണ് സന്ദർശനം നടത്തിയത്.
പദ്ധതിയുടെ വിശദമായ ഡിപിആർ സർക്കാരിന് സമർപ്പിക്കും. കേരള വാട്ടർ അതോറിറ്റി പിച്ച് ഡിവിഷന്റെ മേൽനോട്ടത്തിലാണ് പദ്ധതി ആരംഭിക്കുന്നത്.

പ്ലാന്റ്‌ സ്ഥാപിക്കുന്നതോടെ പൊന്നാനി തീരദേശത്തെ കുടിവെള്ളക്ഷാമത്തിന്  പരിഹാരമാകും. കഴിഞ്ഞ നഗരസഭാ കൗൺസിൽ യോഗമാണ്‌ പദ്ധതിയുടെ നടപടിക്രമങ്ങൾക്ക് അംഗീകാരം നൽകിയത്‌. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർഥൻ, സ്ഥിരം സമിതി അധ്യക്ഷരായ എം ആബിദ, രജീഷ് ഊപ്പാല, ഷീന സുദേശൻ, ഒ ഒ ഷംസു, ടി മുഹമ്മദ്‌ ബഷീർ തുടങ്ങിയ ജനപ്രതിനിധികളും വിദഗ്‌ധസംഘത്തിനൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.