തൃപ്പൂണിത്തുറയിൽ സൂപ്പർ മാർക്കറ്റ് ജീവനക്കാരിക്ക് ക്രൂര മർദ്ദനം. സെയിൽസ് ജീവനക്കാരിയായ ഷിജിക്കാണ് മർദ്ദനമേറ്റത്. സഹപ്രവർത്തക സവിതയുടെ ഭർത്താവ് സതീശാണ് മർദ്ദിച്ചതെന്ന് ഷിജി പൊലീസിന് പരാതി നൽകി. ഇന്നലെയാണ് സംഭവം.
ഹെൽമറ്റുകൊണ്ടുള്ള മർദ്ദനത്തിൽ ഷിജിയുടെ തലക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. കൈയുടെ എല്ല് പൊട്ടിയിട്ടുണ്ട്. ഫോൺ സംഭാഷണത്തെ ചൊല്ലിയാണ് മർദ്ദനമെന്നാണ് പൊലീസ് പറയുന്നത്. പ്രതി സതീശൻ തൃപ്പുണിത്തുറ സ്വദേശിയാണ്.
സൂപ്പർമാർക്കറ്റിലെ ഓൺലൈൻ ഡെലിവറി നടത്തുന്ന ഫോണിലേക്ക് സതീശൻ വിളിക്കുകയും ഭാര്യയോട് സംസാരിക്കണം എന്നാവശ്യപ്പെടുകയുമായിരുന്നു. എന്നാൽ കടയിൽ ഫോൺ ഉപയോഗിക്കാൻ പാടില്ലാത്തതിനാൽ ഭാര്യയോട് താൻ കാര്യം പറയാം എന്ന് പറഞ്ഞ് ഷിജി ഫോൺ വെക്കുകയായിരുന്നു. ഇയാൾ പറഞ്ഞ കാര്യം സഹപ്രവർത്തകയോട് പറയാൻ ഷിജി മറന്നുപോകുകയായിരുന്നു.
ഇതിനെ തുടർന്ന് സതീശൻ കടയിലേക്ക് കയറിച്ചെന്ന് ഹെൽമെറ്റ് വെച്ച് അടിക്കുകയായിരുന്നുവെന്നും ഷിജി പരാതിയിൽ പറയുന്നു.മർദ്ദനത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിനക്കെന്താണ് എന്റെ ഭാര്യക്ക് ഫോൺ കൊടുത്താൽ എന്ന് ചോദിച്ചാണ് അയാൾ മർദ്ദനം തുടങ്ങിയതെന്ന് ഷിജി പറഞ്ഞു.
കടയിൽ തിരക്കായതിനാൽ ഫോൺ കൊടുക്കാൻ പറ്റാഞ്ഞത്. ഇതിന് മുമ്പ് ഇയാൾ വിളിച്ചപ്പോൾ ഫോൺ കൊടുത്തിട്ടുണ്ട്. കടയുടമയാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. ആ സമയത്ത് മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഷിജി.
ഷിജി നേരിട്ടുവന്നാൽ മാത്രമേ പരാതി സ്വീകരിക്കൂ എന്നായിരുന്നു പൊലീസ് സ്വീകരിച്ച നിലപാടെന്നും ഷിജി പറയുന്നു. തുടർന്നാണ് ആശുപത്രിയിൽ നിന്ന് പരാതി നൽകാനായി പൊലീസ് സ്റ്റേഷനിൽ എത്തുന്നത്. പരാതി നൽകിയപ്പോൾ കേസാക്കണോ എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ തന്നോട് ചോദിച്ചതെന്നും സിസിടിവി ദൃശ്യങ്ങള്‍ കൂടി കാണിച്ചപ്പോഴാണ് പരാതിയെടുക്കാന്‍ പൊലീസ് തയ്യാറായതെന്നും ഷിജി പറഞ്ഞു.
സംഭവത്തിന് ശേഷം സതീശനും ഭാര്യയും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ജാമ്യമില്ലാവകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.