Mon. Dec 23rd, 2024

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ആറാട്ടിന്‍റെ തീം സോംഗ് പുറത്തെത്തി. രാഹുല്‍ രാജ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും ഫെജോ (റാപ്പ്)യും ചേര്‍ന്നാണ്.

ഫെജോയും ബി കെ ഹരിനാരായണനും ചേര്‍ന്നാണ് വരികള്‍ എഴുതിയിരിക്കുന്നത്. മാസ് അപ്പീലില്‍ മോഹന്‍ലാലിനെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഈ വെള്ളിയാഴ്ചയാണ്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്.

ബോക്സ് ഓഫീസില്‍ മികച്ച സക്സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ രചന. മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമെന്നാണ് ഉദയകൃഷ്‍ണ ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ആര്‍ ഡി ഇല്യൂമിനേഷന്‍സും ശക്തിയും (എംപിഎം ഗ്രൂപ്പ്) ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.