പനമരം:
ലീലയും അഞ്ചു മക്കളും താമസിക്കുന്ന കൂര കണ്ടാൽ അതിശയം തോന്നും. ഏതു നിമിഷവും പൊട്ടിപ്പൊളിഞ്ഞു വീണേക്കാവുന്ന ഒന്നാണത്. പ്ലാസ്റ്റിക് ഷീറ്റ് ആണ് പകുതി മേൽക്കൂര. വീടിന്റെ തേപ്പെല്ലാം പ്രളയത്തിൽ ഒഴുകിപ്പോയതോടെ ഇഷ്ടികകൾ അടുക്കിവെച്ച പോലൊരു തോന്നൽ.
‘എന്തുകൊണ്ടാണ് ഞങ്ങളുടെ യാതനകൾ ഈ സാറന്മാരൊന്നും കാണാത്തത്?’ പനമരം പരക്കുനി പണിയ കോളനിയിലെ പൊളിഞ്ഞുവീഴാറായ വീടിന്റെ ഉമ്മറത്തിരുന്ന് ലീല ചോദിക്കുന്നു. വീടില്ലെന്ന സങ്കടത്തോടൊപ്പം ദുരിത ജീവിതത്തിന്റെ പല ദൈന്യതകളും ലീലയെയും കുടുംബത്തെയും അലട്ടുന്നുണ്ട്.
വൃത്തിയുള്ള ശൗചാലയം ഇല്ലെന്നത് അവരുടെ വലിയ ദുഃഖമാണിപ്പോൾ. 2018ലെ വെള്ളപ്പൊക്കത്തിൽ സർവതും നഷ്ടപ്പെട്ട കൂട്ടത്തിൽ വീട് ഭാഗികമായി ഒലിച്ചുപോയി. കിടക്കാൻ അടച്ചുറപ്പുള്ള കൂരയില്ലെങ്കിലും വൃത്തിയുള്ള ശൗചാലയം അനുവദിച്ചുകിട്ടുമോയെന്ന് അധികൃതരോട് നിരന്തരം അന്വേഷിക്കുന്നുണ്ടിവർ.
ആദിവാസികളുടെ ക്ഷേമം അന്വേഷിക്കാൻ പട്ടിക വർഗ വികസന വകുപ്പും പ്രമോട്ടർമാരും ഒക്കെയുണ്ട്. എന്നിട്ടെന്താണ് കാര്യമെന്നാണ് ഇവരുടെ ചോദ്യം. പാരമ്പര്യമായി പരക്കുനി കോളനിയിൽ താമസിച്ചുവരുന്ന ഇവർക്ക് ഭൂമിക്ക് രേഖകൾ ഒന്നും ഇല്ല.
2011ൽ ഐആർഡബ്ല്യൂ സന്നദ്ധ പ്രവർത്തകർ കോളനിയിൽ രേഖകൾ ഒന്നുമില്ലാതിരുന്ന 25 വീടുകൾ വൈദ്യുതീകരിച്ചിരുന്നു. ആ കൂട്ടത്തിൽ ഉൾപ്പെട്ടതു കാരണം വെളിച്ചമെങ്കിലും ലഭിക്കുന്നുണ്ടെന്നതാണ് ലീലയുടെ ആശ്വാസം. കോളനിയിലെ 65 വീടുകളിൽ പകുതിയിൽ പേർക്കും വീടില്ല.
മഞ്ഞിലും തണുപ്പിലും മഴയിലുമൊക്കയായാണ് അന്തിയുറക്കം. വീടിന് വേണ്ടിയുള്ള കരാർ കഴിഞ്ഞവർഷം തയാറാക്കി ഒപ്പിട്ട് കൊടുത്തതാണെന്നാണ് ലീല പറയുന്നത്. ഇപ്പോൾ വിവരമൊന്നും ഇല്ല. കോളനിയിലെ ദേവി, സുബ്രമണ്യൻ, നാണു, ലീല, ശകുന്തള, മിനി, നഞ്ചൻ എന്നിവർക്കൊന്നും ചോരാത്ത കൂരയില്ല. നല്ലൊരു വീട് സ്വപ്നം മാത്രമായി തുടരുകയാണിവർക്ക്.