Mon. Dec 23rd, 2024
കീഴൂർ:

ഒടുവിൽ, ദിവസങ്ങൾക്കു ശേഷം കടലോരത്ത് കുമിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കി തുടങ്ങി. ചെമ്മനാട് പഞ്ചായത്ത്, ഗ്രീൻവേംസ് എന്നിവയുടെ നേതൃത്വത്തിൽ ‘അറപ്പാകരുത് കീഴൂർ ക്ലീനാകണം’ എന്ന സന്ദേശവുമായി ശുചിത്വ സാഗരം പദ്ധതിയുടെ ഭാഗമായാണ് കീഴൂർ കടലോരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു തുടങ്ങിയത്. രാവിലെ തുടങ്ങി ഉച്ചവരെ 4 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചതായും ഇതിനോടു ചേർന്ന സ്ഥലങ്ങളിലെ മാലിന്യം ഇന്നും നാളെയുമായി നീക്കുമെന്നു പ്രവൃത്തി ഉദ്ഘാടനം ചെയ്ത ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ പറഞ്ഞു.

മാലിന്യം കുമി‍ഞ്ഞു കൂടിയതിനെ തുടർന്നു കടലോരം ചീഞ്ഞു നാറുകയാണെന്ന പരാതി നാട്ടുകാർ ഉൾപ്പെടെയുള്ളവർ ഉന്നയിച്ചിരുന്നു. തീരപ്രദേശത്തെ കുമിഞ്ഞു കൂടിയ മാലിന്യം ദുരിതക്കാഴ്ചയായിരുന്നു. ഇതു പരിഹരിക്കാനാണു ബോധവൽക്കരണമെന്നോണം കടലോരവാസികൾ കൂടി പങ്കെടുപ്പിച്ച് കടൽത്തീരം ശുചീകരിച്ചത്.

മേൽപറമ്പ് ജനമൈത്രി പൊലീസ്, ശുചിത്വ മിഷൻ, കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിതകർമ സേന, ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ്, പഞ്ചായത്ത് അംഗങ്ങൾ, സിഡിഎസ് അംഗങ്ങൾ, സന്നദ്ധ സംഘടന പ്രവർത്തകരുടെയും സഹകരണത്തോടെയാണു വൃത്തിയാക്കിയത്. ഹാർബർ മുതൽ ഒരു കിലോമീറ്ററോളം നീളത്തിലാണ് മാലിന്യം കുന്നുകൂടിയിട്ടുള്ളത്. മത്സ്യത്തൊഴിലാളികളായ സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്.

കല്ല്യാണച്ചടങ്ങുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും മാലിന്യങ്ങളാണു രാത്രിയിലും മറ്റുമായി കടപ്പുറത്ത് തള്ളുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ, പഞ്ചായത്ത് സെക്രട്ടറി എം.സുരേന്ദ്രൻ,  അസി സെക്രട്ടറി എം കെ പ്രദീഷ്,  സ്ഥിരം സമിതി അധ്യക്ഷരായ  ആയിഷ അബൂബക്കർ, രമഗംഗാധരൻ,ശംസുദ്ദീൻ തെക്കിൽ, അംഗങ്ങളായ അഹമ്മദ് കല്ലട്ര, രാജൻ കെ പൊയിനാച്ചി, അമീർ പാലോത്ത്,ധന്യാദാസ്, ജയൻ, രേണുക ഭാസ്ക്കരൻ, സുജാത, സുചിത്ര, സിഡിഎസ് അധ്യക്ഷ മുംതാസ് അബൂബക്കർ, ഗ്രീൻ വേംസ് ഹെഡ് ശ്രീരാഗ് കുറുവാട്ട് എന്നിവരടക്കമുള്ളവർ പങ്കെടുത്തു.