Thu. Dec 19th, 2024
പുനലൂർ:

പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പുനലൂർ തൂക്കുപാലത്തിന്റെ സംരക്ഷണത്തിന്‌ സമഗ്ര പദ്ധതി തയ്യാറാക്കുന്നു. ഇതിന്‌ പുരാവസ്തു വകുപ്പും ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിലും സംയുക്തമായി വിശദ പദ്ധതി രൂപരേഖ തയ്യാറാക്കും. പി എസ്‌ സുപാൽ എംഎൽഎ വിളിച്ചുചേർത്ത പുരാവസ്‌തു വകുപ്പ്‌, ഡിടിപിസി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്‌ ഈ തീരുമാനം.

പാലം സംരക്ഷണത്തിനൊപ്പം സഞ്ചാരികളെ ആകർഷിക്കുന്ന നിലയിലുള്ള നിർമാണപ്രവർത്തനവും ആവിഷ്‌കരിക്കണം. മലയോരമേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള കവാടം എന്ന നിലയിൽ പുനലൂർ തൂക്കുപാലവും  അനുബന്ധമായി വരുന്ന പ്രദേശങ്ങളും ആകർഷകമായ നിലയിൽ  നവീകരിക്കാൻ പ്രോജക്ട്‌ തയ്യാറാക്കി  സമർപ്പിക്കാൻ എംഎൽഎ നിർദേശം നൽകി.  ഡിപിആർ തയ്യാറാക്കുന്നതിനു മുന്നോടിയായി സർവേ നടത്തി ഭൂമിയുടെ  വ്യക്തത വരുത്തും. 

പുരാവസ്തുവകുപ്പ്, ഡിടിപിസി, ജലവിഭവ വകുപ്പ്‌ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേരും.  മുനിസിപ്പൽ ചെയർപേഴ്‌സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ വി പി ഉണ്ണിക്കൃഷ്ണൻ, പുരാവസ്തു ഡയറക്ടർ ദിനേശൻ, ഡിടിപിസി സെക്രട്ടറി രമ്യ, പുരാവസ്തു കൺസർവേഷൻ എൻജിനിയർ ഭൂപേഷ് തുടങ്ങിയവർ പങ്കെടുത്തു.