ആറ്റിങ്ങൽ:
85 കാരിയായ അമ്മയെ സംരക്ഷിക്കുന്നതിനെ ചൊല്ലി മക്കൾ തമ്മിൽ തർക്കം. അവശനിലയിൽ ശരീരത്തിൽ ട്യൂബും ഘടിച്ചിപ്പ് വയോധികയ്ക്ക് മകളുടെ വീടിന് മുന്നിൽ അനുമതി കാത്ത് ആംബുലൻസിൽ കിടക്കേണ്ടി വന്നത് നാല് മണിക്കൂർ. 10 മക്കളുടെ മാതാവായ കടുവയിൽ കൊക്കോട്ടുകോണം സ്വദേശിക്കാണ് ദുർഗതി.
പൊലീസ് ഇടപെട്ട് മക്കൾ തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ ഇതേ വീട്ടിൽ തന്നെ അമ്മയെ പ്രവേശിപ്പിച്ചു. സ്വത്തെല്ലാം മക്കൾക്ക് വീതം വച്ച് നൽകിയ ആളാണ് വയോധിക. 2 മക്കൾ മരിച്ചു.
പാർവ്വതീപുരം വാർഡിൽ നാലാമത്തെ മകൾക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ രാവിലെ അമ്മയെ ഈ മകൾ ആംബുലൻസിൽ കയറ്റി കാഞ്ഞിരംകോണത്ത് താമസിക്കുന്ന അഞ്ചാമത്തെ മകളുടെ വീടിന് മുന്നിലെത്തിച്ചു. പക്ഷേ അമ്മയെ സ്വീകരിക്കാൻ തയാറായില്ല.
വാർഡ് കൗൺസിലറും നാട്ടുകാരും പൊലീസും ഇടപെട്ടു. മൂത്തമകൾ വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച് ആശുപത്രിയിലാണെന്നും ഇവരെ നോക്കുന്നതിനായി ആശുപത്രിയിൽ പോകേണ്ടതിനാൽ ആണ് നാലാമത്തെ മകൾ അടുത്ത മകളുടെ വീട്ടിലേക്ക് ഇവർ അമ്മയെ എത്തിച്ചത്. 3 മാസം വീതം നോക്കാം എന്ന ഉറപ്പ് മക്കൾ സ്റ്റേഷനിൽ എഴുതി നൽകി. തുടർന്നാണ് വയോധിക മകളുടെ വീട്ടിൽ പ്രവേശിച്ചത്.