Sun. Nov 17th, 2024
തിരുവനന്തപുരം:

പ്രണയദിനത്തിൽ വിവാഹിതരായി ട്രാൻസ്ജെൻഡ‌‍ർമാരായ ശ്യാമയും മനുവും. രണ്ടു വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ തിരുവന്തപുരം, ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. സ്ഥിര ജോലി നേടി, വീട്ടിലെ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കിയശേഷം വിവാഹിതരാകാം എന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ആ കാത്തിരിപ്പാണ് ഇന്ന് സഫലമായത്.

ടെക്‌നോപാർക്കിൽ സീനിയർ എച്ച് ആർ എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശി മനു കാർത്തിക. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്‌ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററും ആക്ടിവിസ്റ്റുമാണ് തിരുവനന്തപുരം സ്വദേശിയായ ശ്യാമ എസ് പ്രഭ. ജ്യോത്സ്യൻ നിശ്ചയിച്ച് നൽകിയ തീയതിയും സമയവും അനുസരിച്ചാണ് ഇവർ വിവാഹിതരായത്.

ട്രാൻസ്ജെന്റർ വ്യക്തിത്വത്തിൽ തന്നെ വിവാഹം ചെയ്യണമെന്നായിരുന്നു ഇരുവരുടേയും ആഗ്രഹം. ട്രാൻസ്‌ജെൻഡർ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള വിവാഹത്തിന് നിയമസാധുത ഉണ്ടോയെന്ന കാര്യം ഇവർ പരിശോധിക്കും. മുമ്പ് കേരളത്തില്‍ നടന്ന പല ട്രാൻസ്ജെൻഡർ വിവാഹങ്ങളും ആൺ പെൺ ഐഡന്‍റിറ്റി ഉപയോഗിച്ചാണ് രജിസ്റ്റർ ചെയതിരുന്നത്.