Sun. Dec 22nd, 2024

മുൻ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസിസിയുടെ വരവോടെ ടീമിൻ്റെ ശക്തി വർധിച്ചതായി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) ഹെഡ് കോച്ച് സഞ്ജയ് ബംഗാർ. ടീമിൽ സ്ഥിരത കൊണ്ടുവരിക എന്നതായിരുന്നു പദ്ധതി. ഡു പ്ലെസി എത്തിയതോടെ ബാറ്റിംഗ് കരുത്ത് ഇരട്ടിയായി.

അദ്ദേഹത്തിന്റെ അനുഭവസമ്പത്തും ടീമിന് ഗുണം ചെയ്യുമെന്ന് സഞ്ജയ് ബംഗാർ കൂട്ടിച്ചേർത്തു. ടോപ്പ് ഓർഡറിനെ ബലപ്പെടുത്താൻ കഴിയുന്ന പ്രതിഭയാണ് ഡു പ്ലെസി. അദ്ദേഹത്തെ പോലെയുള്ള താരത്തെയാണ് ടീം തേടി നടന്നത്. ബാറ്റിംഗ് മാത്രം അല്ല ഡു പ്ലെസിയുടെ നേതൃപാടവം ടീമിന് നല്ലതാണെന്നും അദ്ദേഹം തെളിയിക്കപ്പെട്ട കളിക്കാരനാണെന്നും സഞ്ജയ് പറഞ്ഞു.

ടി20 ടൂർണമെന്റിലെ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ടീമിൽ മാറ്റങ്ങൾ അനിവാര്യമാണ്. ടീമിൽ ഓരോ കളിക്കാർക്കും തുല്യ സ്ഥാനമുണ്ട്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് മികച്ച പ്രതിഭകളുടെ ഒരു കൂട്ടം ടീമിന് ഉണ്ടെന്നും സഞ്ജയ് ബംഗാർ പറഞ്ഞു.

ലേലത്തിൽ തൃപ്തരാണെന്നും സന്തുലിതമായ ടീമിനെ രൂപീകരിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 7 കോടി രൂപയ്ക്കാണ് ഡു പ്ലെസിയെ ആർസിബി സ്വന്തമാക്കിയത്.