Sat. Nov 23rd, 2024
പിലാത്തറ:

കണ്ണായ സ്ഥലത്തെ ആസ്‌തി ലാഭക്കൊതിമൂലം വകമാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ പിലാത്തറ യുപി സ്കൂൾ അടച്ചുപൂട്ടാൻ മാനേജർ അപേക്ഷിച്ചതെന്ന്‌ നാട്ടുകാരും അധ്യാപക രക്ഷാകർതൃസമിതിയും. സ്‌കൂൾ നടത്തിക്കൊണ്ടുപോകൽ  ബുദ്ധിമുട്ടാണെന്ന്‌ കാണിച്ചാണ്‌ മാനേജർ കെ ചിത്രലേഖ പൊതുവിദ്യാഭ്യാസ വകുപ്പിന്‌ അപേക്ഷ നൽകിയത്‌. ടൗണിൽ ദേശീയ പാതയോട് ചേർന്ന 25 കോടിയിലധികം രൂപ വിലയുള്ള ഭൂമിയിലാണ്‌ നോട്ടം.

പരേതനായ വി വി കുഞ്ഞിരാമൻ നായരാണ് 1952ൽ സ്‌കൂൾ സ്ഥാപിച്ചത്. ഇദ്ദേഹം തന്നെയായിരുന്നു ദീർഘകാലം മാനേജരും  പ്രധാനാധ്യാപകനും. അഞ്ചുമുതൽ ഏഴുവരെയായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിച്ച വിദ്യാലയമാണ്.

അക്കാലത്ത് രണ്ടേക്കറോളം ഭൂമിയുമുണ്ടായിരുന്നു. 2006ലാണ് മകളും ഇപ്പോഴത്തെ മാനേജരുമായ കെ ചിത്രലേഖ  മാനേജരായത്‌. തുടർന്ന് എല്ലാ ക്ലാസുകളും ഒറ്റക്കെട്ടിടത്തിലാക്കി ഒരേക്കർ ഭൂമി മതിൽ കെട്ടി വേർതിരിച്ചു. ഇത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കാനാണെന്ന് നാട്ടുകാർ  പരാതിപ്പെട്ടിരുന്നു. 

2021 നവംബർ 10 നാണ്‌  മാനേജർ പൊതുവിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽനിന്ന്‌ സ്‌കൂൾ മേധാവിക്ക്‌ കാരണം ചോദിച്ച് അറിയിപ്പ് ലഭിച്ചത്.
സ്ഥലവും കെട്ടിടവും സർക്കാർ ഏറ്റെടുത്ത് പൊതുവിദ്യാലയം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

160 കുട്ടികളും  ഒമ്പത്‌ ജീവനക്കാരുമാണ്‌ സ്‌കൂളിൽ. 2010ൽ 56 കുട്ടികൾമാത്രമാണ് ഉണ്ടായിരുന്നത്. അധ്യാപകരും നാട്ടുകാരും ഒന്നിച്ച് പ്രവർത്തിച്ചതിനാലാണ് കുട്ടികളുടെ എണ്ണം മൂന്നിരട്ടിയിലധികമാക്കിയത്.

അനുദിനം വികസിക്കുന്ന പിലാത്തറയിലെ ഏക പൊതു വിദ്യാലയവുമാണിത്. ഒന്നുമുതൽ 12 വരെ ക്ലാസുകൾ വേണമെന്നും നാട്ടുകാരുടെ ആവശ്യമാണ്. വിപുലമായ യോഗം വിളിച്ചുചേർത്ത് സംരക്ഷണ സമിതി രൂപീകരിക്കുമെന്ന്‌ പിടിഎ പ്രസിഡന്റ്‌  എം മുത്തുരാജ് പറഞ്ഞു.