Fri. Nov 22nd, 2024

തിരുവനന്തപുരം: മുട്ടിൽ മരം മുറി കേസില്‍ അന്വേഷണം സംഘം സമർപ്പിച്ച റിപ്പോർട്ട് എഡിജിപി ശ്രീജിത്ത് മടക്കി. സംഭവത്തിൽ വനം ഉദ്യോഗസ്ഥരുടെ ഇടപെടൽ കൃത്യമായി പറയുന്നില്ല, ഡിഎഫ്ഒ രഞ്ചിത്ത്, മുൻ റെയ്ഞ്ച് ഓഫീസർ ബാബുരാജ് എന്നിവർക്കെതിരെയുള്ള കണ്ടെത്തലിൽ കൃത്യതയില്ല എന്നിവയാണ് റിപ്പോർട്ടിലെ അപാകതകൾ. മരം മുറിയിൽ ഓരോ ആളുകളുടെ പങ്കും പ്രത്യേകം അന്വേഷിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ  എസ്പി സന്തോഷ് കുമാറിന് എഡിജിപി നിർദേശം നൽകിയിട്ടുണ്ട്. 

കേസുമായി ബന്ധപ്പെട്ട് സസ്പെൻ്റ് ചെയ്ത ലക്കിടി ചെക്ക് പോസ്റ്റിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി എസ് വിനേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശ്രീജിത്ത് എന്നീ ഉദ്യോഗസ്ഥരെ ജോലിയിലേക്ക് തിരിച്ചെടുത്തത് വിവാദമായിരുന്നു.  ചെക്ക് പോസ്റ്റിൽ ആവശ്യമായ പരിശോധന നടത്താതെ ഈട്ടി മരവുമായി വന്ന ലോറി കടത്തിവിട്ടതിനായിരുന്നു ഇവരെ സസ്പെൻ്റ് ചെയ്തത്‌. എന്നാൽ കേസിലെ തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് കാണിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ വിനോദ് കുമാർ ഇവരുടെ സസ്പെൻഷൻ പിൻവലിച്ചു കൊണ്ട് ഉത്തരവിട്ടു. വനം വകുപ്പ് മന്ത്രി ഈ ഉത്തരവ് പിൻവലിച്ചത് കീഴ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരുന്നു.