Fri. Nov 22nd, 2024

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതിയും നടനുമായ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലെന്നും കാണിച്ചാണ് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള മുഖേന ഹര്‍ജി നൽകിയിരിക്കുന്നത്. 

പരാതിക്കാരനായി ഉദ്യോഗസ്ഥന്‍ ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തിയെന്നും ഹര്‍ജിയിൽ പറയുന്നുണ്ട്. ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പെടെയുള്ള അഞ്ച് പ്രതികളും ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യംവാങ്ങിയിരുന്നു. 

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ സംഘം വിചാരണ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഇതിനു മുൻപ് ദിലീപ് ഹര്‍ജി നൽകിയിരുന്നു. കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും, തുടരന്വേഷണം വലിച്ചു നീട്ടാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസില്‍ പ്രതികൾക്കെതിരെ കുറ്റം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് കണ്ടാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കൈവശമുള്ള ഫോണുകള്‍ പ്രതികള്‍ ഹാജരാക്കിയിട്ടുണ്ടെന്നും, അതിനാൽ മറ്റു ഫോണുകള്‍ ഹാജരാക്കാത്തത് നിസ്സഹകരണമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു. കുറ്റം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു.