Sat. Jan 18th, 2025

ന്യൂഡൽഹി: സ്ത്രീകള്‍ ഹിജാബ് ധരിക്കാത്തതാണ് ഇന്ത്യയില്‍ ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ. 2005 മുതല്‍ ചാംരാജ്‌പേട്ട് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ സമീര്‍ അഹമ്മദാണ് വിവാദ പരാമർശം നടത്തിയത്. പ്രായപൂര്‍ത്തിയാകുമ്പോള്‍ പെണ്‍കുട്ടികളുടെ സൗന്ദര്യം മറയ്ക്കാനാണ് ഹിജാബ് ധരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

“ഇന്ത്യയില്‍ ഇന്ന് ബലാത്സംഗ നിരക്ക് ഏറ്റവും ഉയര്‍ന്നിരിക്കുകയാണെന്ന് നിങ്ങൾക്കറിയാമല്ലോ. ലോകത്ത് തന്നെ ഏറ്റവും അധികം ബലാത്സംഗം നടക്കുന്നത് ഇന്ത്യയിലാണ്. ഇതിനു കാരണമെന്താണ്? പല സ്ത്രീകളും ഹിജാബ് ധരിക്കാറില്ല എന്നതാണ്. എന്നാല്‍ ഹിജാബ് ധരിക്കുക എന്നത് നിര്‍ബന്ധമുള്ള കാര്യമല്ല. സ്വയം സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരും തങ്ങളുടെ സൗന്ദര്യം മറ്റുള്ളവര്‍ക്ക് കാണരുതെന്ന് ആഗ്രഹിക്കുന്നവരുമാണ് ഹിജാബ് ധരിക്കുന്നത്.” സമീര്‍ അഹമ്മദ് പറഞ്ഞു. 

നമ്മുടെ ഇടയിലുള്ള ചില ആളുകൾ ഹിജാബ് ധരിക്കാറില്ല. അത് ധരിക്കണമെന്നത് നിര്‍ബന്ധമല്ല, എന്നാലും നമ്മുടെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ഹിജാബ് ധരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഇസ്‌ലാമനുസരിച്ച് എല്ലാവരും അഞ്ച് തവണ നമസ്‌കരിക്കണം. പക്ഷെ പലരും അത് ചെയ്യാറില്ല. സ്ത്രീകള്‍ ഹിജാബ് ധരിച്ചാല്‍ ബലാത്സംഗങ്ങള്‍ കുറയും. ഇന്ത്യയിലെ ബലാത്സംഗങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ ലഭിച്ചതിന് ശേഷം തന്നോട് സംവാദത്തിന് വരൂവെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു. 

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിച്ചതിന്റെ പേരിലുണ്ടായ വിവാദം കത്തിനിൽക്കുന്നതിനിടെയാണ് എംഎൽഎ പുതിയ പരാമർശവുമായി എത്തിയത്.