Wed. Jan 22nd, 2025
രാജാക്കാട്:

വേനൽ കാലമായതോടെ മലയോര മേഖലയിൽ കാട്ടുതീ മൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം രാജാക്കാട് പഞ്ചായത്തിലെ കള്ളിമാലി വ്യൂ പോയിന്റ്, സേനാപതി പഞ്ചായത്തിലെ സ്വർഗംമേട് എന്നിവിടങ്ങളിൽ കാട്ടു തീ പടർന്ന് വ്യാപക നാശനഷ്ടങ്ങളുണ്ടാക്കി. കൃഷിക്കു നാശമുണ്ടായില്ലെങ്കിലും പാരിസ്ഥിതിക പ്രാധാന്യമുള്ള ഏക്കർ കണക്കിന് പുൽമേടുകളാണ് കത്തിയമർന്നത്. ചിന്നക്കനാൽ മേഖലയും കാട്ടുതീ ഭീഷണിയിലാണ്.

രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തൻപാറ, ബൈസൺവാലി മേഖലകളിൽ അപകടങ്ങളുണ്ടാകുമ്പോൾ അടിമാലി, മൂന്നാർ, നെടുങ്കണ്ടം എന്നിവിടങ്ങളിൽ നിന്നാണ് അഗ്നിശമന സേനയെത്തുന്നത്. ഈ മേഖലകളിൽ എന്തെങ്കിലും അത്യാഹിതങ്ങൾ സംഭവിച്ചാൽ അഗ്നിശമന സേനയെത്തുന്നതിന് ശരാശരി ഒരു മണിക്കൂറെങ്കിലും സമയമെടുക്കുമെന്നതിനാൽ നാശനഷ്ടങ്ങളുടെ തോത് ഇരട്ടിയാവും. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ദീർഘകാലത്തെ ആവശ്യത്തെ തുടർന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് രാജാക്കാട് മിനി ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥാപിക്കാൻ നടപടി സ്വീകരിച്ചിരുന്നു.

എന്നാൽ പദ്ധതി ഇപ്പോഴും ഫയലിൽ വിശ്രമിക്കുകയാണ്. വന മേഖലയിലും മലനിരകളിലും ഇടയ്ക്കിടെ ഉണ്ടാവുന്ന കാട്ടു തീയിൽ പലതും മനുഷ്യരുടെ അശ്രദ്ധ മൂലമുണ്ടാകുന്നവയാണെന്നാണ് വനപാലകർ പറയുന്നത്. വനമേഖലയിൽ ഫയർ ലൈൻ തെളിച്ചും തീ പടരാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ അതിർത്തിക്കു ചുറ്റും തീ കത്തിച്ചും വനം വകുപ്പ് കാട്ടു തീ തടയാനുള്ള മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ചിലരുടെ അശ്രദ്ധമായ ഇടപെടലുകളാണ് പല കാട്ടുതീയുടെയും കാരണം.