Mon. Dec 23rd, 2024
ഇസ്ലാമാബാദ്:

ഖുറാന്‍ കത്തിച്ചെന്നാരോപിച്ച് പാകിസ്ഥാനില്‍ മധ്യവയസ്‌കനെ ആള്‍ക്കുട്ടം അടിച്ചുകൊലപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയിലെ ഖാനേവാല്‍ ജില്ലയിലെ തുലംബ ടൗണിലാണ് ദാരുണസംഭവം.

പൊലീസ് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ച ശേഷമാണ് ആള്‍ക്കൂട്ടം ഇയാളെ മരത്തില്‍ കെട്ടിയിട്ട് അടിച്ചുകൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിയമം കൈയിലെടുക്കുന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഒരാള്‍ ഖുറാന്‍ കത്തിക്കുന്നത് കണ്ടെന്ന് പള്ളി ഇമാമിന്റെ മകന്‍ അറിയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് ശനിയാഴ്ച രാത്രിയില്‍ പള്ളിയില്‍ ആളുകള്‍ തടിച്ചുകൂടി മധ്യവയസ്‌കനെ പിടികൂടി. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ മധ്യവയസ്കനെ പിടിച്ച് മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു.

മര്‍ദനമേറ്റ് അബോധാവസ്ഥയിലായ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസിന് നേരെയും ആക്രമണമുണ്ടായി. താന്‍ കത്തിച്ചില്ലെന്ന് ഇയാള്‍ പറഞ്ഞെങ്കിലും ആള്‍ക്കൂട്ടം ചെവിക്കൊണ്ടില്ല. വടി, കോടാലി, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ചാണ് ഇയാളെ മര്‍ദ്ദിച്ചത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി.

മാനസികാസ്വാസ്ഥ്യമുള്ള മുഹമ്മദ് മുഷ്താഖ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ പറഞ്ഞു. സംഭവത്തില്‍ ഇതുവരെ 12ഓളം പേര്‍ അറസ്റ്റിലായി.