ബത്തേരി:
പാലം സംഗതി കോൺക്രീറ്റൊക്കെയാണ്. നല്ല ഉറപ്പുമുണ്ട്. എന്നാൽ പാലത്തിൽ കയറണമെങ്കിൽ കുത്തനെ ചാരിയ മുളയേണി വേണം. ഏണിയില്ലാതെ പാലത്തിൽ കയറാൻ അഭ്യാസിക്കു പോലും കഴിയില്ല. നൂൽപുഴ പഞ്ചായത്തിലെ തോളായി നിവാസികളാണു പാലം കടക്കാൻ ഏണിയുടെ സഹായം തേടുന്നത്.
തോളായി ഗ്രാമവാസികൾ കല്ലൂർ പുഴയ്ക്കു കുറുകെയുള്ള നടപ്പാലം കടന്നാണ് അക്കരെയുള്ള കണ്ണംകോട് കവലയിൽ എത്തുന്നത് മറ്റു ടൗണുകളിലേക്ക് പോകണമെങ്കിലും കണ്ണംകോട് എത്തണം. കണ്ണംകോട്ടേക്കു പോകുന്നതിനായി പുഴയ്ക്കു കുറുകെ വർഷങ്ങൾക്കു മുൻപേ സ്ഥാപിച്ചതാണ് കോൺക്രീറ്റ് നടപ്പാലം. നാലു വർഷം മുൻപു ശക്തമായ മഴയിൽ പാലത്തിന്റെ ഒരു ഭാഗത്തെ തൂണും ചവിട്ടുപടികളും ഒലിച്ചു പോയതോടെയാണ് തോളായിക്കാർ അഭ്യാസികളാകേണ്ടി വന്നത്. പാലത്തിന്റെ കൈവരികളും പിന്നീട് തകർന്നു.
ചെറിയ കുട്ടികളും പ്രായമായവരുമൊക്കെ ഈ ഏണി വഴി വലിഞ്ഞു കയറണം. രോഗികളെ ആശുപത്രിയിൽ കൊണ്ടു പോകണമെങ്കിൽ ഏണി വഴി തോളിൽ ചുമന്നു നടപ്പാലത്തിലേക്കു കയറ്റുകയേ നിവൃത്തിയുള്ളൂ. തോളായിക്കാരുടെ ദുരിതം പരിഹരിക്കാൻ നടപടി വേണമെന്നാണ് ആവശ്യം.