Mon. May 6th, 2024

വണ്ടൂര്‍: വാവ സുരേഷ് ആരോഗ്യവാനായി ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ സന്തോഷത്തിൽ സൗജന്യ ഭക്ഷണം നൽകി കുടുംബശ്രീ ഹോട്ടല്‍. മലപ്പുറം വണ്ടൂരിലെ കഫേ കുടുംബശ്രീ ഹോട്ടലാണ് കഴിഞ്ഞ ദിവസം ഉച്ചക്ക് സൗജന്യ ഭക്ഷണം നൽകിയത്. സാധാരണയിൽ നിന്നും വ്യത്യസ്തമായി ചോറ്, സാമ്പാര്‍, മീന്‍കറി, പായസം, കൂട്ടുകറി, അച്ചാര്‍, ഉപ്പേരി, ചമ്മന്തി, മസാലക്കറി, പപ്പടം എന്നീ വിഭവങ്ങളുള്ള സമൃദ്ധമായ ഊണായിരുന്നു വിളമ്പിയത്. 

കുടുംബശ്രീ ഹോട്ടലിന്റെ നടത്തിപ്പുകാരിയും സിഡിഎസ് അംഗവുമായ കെ സി നിര്‍മലയായിരുന്നു സൗജന്യ ഊണിനു പിന്നിൽ. പ്രതിഫലം വാങ്ങിക്കാതെ  പാമ്പുകളെ പിടിച്ച് ആളുകളുടെ ജീവന്‍ രക്ഷിക്കുന്ന വാവ സുരേഷ് പാമ്പുകടിച്ച് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ അദ്ദേഹം ആരോഗ്യവാനായി തിരിച്ചെത്തിയാൽ ആഘോഷിക്കണമെന്ന് ഉറപ്പിച്ചിരുന്നതാണെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. ശേഷം എല്ലാവരും കൂടിയാലോചിച്ച് സൗജന്യമായി ഭക്ഷണം വിതരണം ചെയ്ത് സന്തോഷം ആഘോഷിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. 

കോവിഡ് സമയത്തും കഫേ കുടുംബശ്രീ ഹോട്ടൽ ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്തിരുന്നു. രണ്ട് ജോലിക്കാര്‍ക്ക് വീട് വെച്ചുകൊടുക്കുകയും, 27 പേര്‍ക്ക് തയ്യല്‍ മെഷീന്‍ വാങ്ങി നൽകുകയും ചെയ്തിട്ടുണ്ട്. ഇത് കൂടാതെ താലൂക്ക് ആശുപത്രിയിലേക്കും തെരുവില്‍ അലയുന്നവര്‍ക്കുമായി ദിവസേന  20 പൊതിച്ചോറും ഇവർ നൽകാറുണ്ട്.