ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് സമാജ് വാദി പാർട്ടിയുടെ ഓഫീസിന് മുന്നിൽ വെച്ച് പണം വിതരണം ചെയ്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. ഹന്ദിയ നിയോജക മണ്ഡലത്തിലെ ലാലാ ബസാറിലെ എസ്.പി ഓഫീസിന് മുമ്പിൽ പരസ്യമായി പണം വിതരണം ചെയ്തതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കാണിച്ച് എതിർപാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിലാണ് സമാജ് വാദി പാർട്ടിക്കെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയത്. ഓഫീസിന്‍റെ മുകളിൽ നിന്നും വരിയായി പടികളിലൂടെ ഇറങ്ങി വരുന്നവർക്ക് പാർട്ടി പ്രവർത്തകർ പണം നൽകുന്നതിന്റെ ദൃശ്യങ്ങൾ ബി.ജെ.പിയാണ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്.
ഇതിനിടെ പൗരന്മാരെ പണത്തിന്‍റെ പിൻബലത്തിൽ സ്വാധീനിക്കാൻ ശ്രമിക്കുന്ന മാഫിയകളുടെ പാർട്ടിയാണ് സമാജ് പാർട്ടിയെന്ന് ബി.ജെ.പി നേതാവ് രാകേഷ് ത്രിപാഠി ആരോപിച്ചു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം ഫെബ്രുവരി 10ന് പൂർത്തിയായിരുന്നു. ഫെബ്രുവരി 14 നാണ് രണ്ടാംഘട്ട വോട്ടിങ് നടക്കുക.