Sun. Dec 22nd, 2024

ഹൈദരാബാദ്: ഹൈദരാബാദില്‍ വാലന്റെയ്ന്‍ ദിനാഘോഷത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. ഫെബ്രുവരി പതിനാലാം തീയ്യതി അമര്‍ ജവാന്‍ ദിനമായി ആചരിക്കണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെട്ടത്. പ്രതിഷേധത്തിന്റെ ഭാഗമായി വാലന്റെയ്ന്‍ ദിന ആശംസാ കാര്‍ഡുകളും വാലന്റെയ്ന്‍ കോലങ്ങളും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കത്തിച്ചു. 

ഇന്ത്യയില്‍ അടിച്ചേല്‍പ്പിച്ച ഒന്നാണ് വാലന്റെയ്ന്‍ ദിനം. മള്‍ട്ടിനാഷണല്‍ കമ്പനികള്‍ ഈ ദിവസം ആല്‍ബങ്ങളും ആശംസാ കാര്‍ഡുകളും വിറ്റഴിച്ച് പണമുണ്ടാക്കുകയാണ്. മഹാഭാരതം, രാമായണം തുടങ്ങി അനവധി പ്രണയകഥകള്‍ ഇന്ത്യയിലുണ്ടെന്നും പ്രവർത്തകർ പറഞ്ഞു.

40 സൈനികരായിരുന്നു പുല്‍വാമയില്‍ ഫെബ്രുവരി 14 ന്  ജീവൻ വെടിഞ്ഞത്. വാലന്റെയ്ന്‍സ് ഡേ അല്ല, മറിച്ച് സൈനികരുടെ ജീവത്യാഗമാണ് യുവാക്കള്‍ അറിയേണ്ടത്. അതിനാൽ അമര്‍ ജവാന്‍ ദിനമായി ഫെബ്രുവരി 14  ആചരിക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോടും തെലങ്കാന സര്‍ക്കാറിനോടും ആവശ്യപ്പെടുന്നതായും ഇവർ അറിയിച്ചു.