Sun. Jan 19th, 2025

ദില്ലി: ഒരിക്കല്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് എംപിയും ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. കര്‍ണാടകയിലെ ഹിജാബ് വിവാദം കൂടുതൽ ചർച്ചയാകുന്നതിനിടെയാണ് വിഷയത്തിൽ ഒവൈസി പ്രതികരിച്ചത്. ഇത് പറയുന്ന പ്രസംഗത്തിന്റെ വീഡിയോ അദ്ദേഹം തന്നെയാണ് ട്വീറ്റ് ചെയ്തത്. 

അത് കാണാൻ ഞാൻ ജീവിച്ചിരിക്കണമെന്നുണ്ടാകില്ല. എന്നാലും  എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ. ഹിജാബ് ധരിച്ച പെണ്‍കുട്ടി ഒരിക്കല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നാണ് ഒവൈസി പ്രസംഗത്തിൽ പറഞ്ഞത്. ഹിജാബ് ധരിക്കണമെന്ന് നമ്മുടെ പെണ്‍കുട്ടികള്‍ തീരുമാനിച്ചുറപ്പിച്ച് മാതാപിതാക്കളോട് പറഞ്ഞാല്‍ നമ്മളതിന് പിന്തുണ നൽകണം. നമ്മളെ ആരാണ് തടയുന്നതെന്ന് നോക്കാമെന്നും ഒവൈസി വ്യക്തമാക്കി.

കര്‍ണാടകയിലെ ഉഡുപ്പി കോളേജിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ കോളേജ് അധികൃതർ തടഞ്ഞതോടെയാണ് ഹിജാബ് വിവാദം ഉണ്ടാകുന്നത്. ഇതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം വിദ്യാർഥികൾ പ്രതിഷേധം ആരംഭിച്ചപ്പോൾ,  മറ്റൊരു വിഭാഗം വിദ്യാര്‍ഥികള്‍ കാവി ഷാള്‍ അണിഞ്ഞ് കോളേജിൽ എത്താന്‍ തുടങ്ങി. പ്രതിഷേധം മറ്റിടങ്ങളിലേക്ക് കൂടെ വ്യാപിക്കുകയും, സംഘര്‍ഷഭരിതമാവുകയും ചെയ്തതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നൽകിയിരിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള കേസ് നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. സംഭവം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കരുതെന്ന് വിഷയത്തിൽ സുപ്രീം കോടതിയും ആവശ്യപ്പെട്ടിരുന്നു.