Wed. Jan 22nd, 2025
കോഴിക്കോട്‌:

പാഴ്‌വസ്‌തുക്കൾകൊണ്ട്‌ വീടും സ്ഥാപനങ്ങളും അലങ്കരിക്കുന്ന കാഴ്‌ചകൾ ഇപ്പോൾ പുത്തരിയല്ല. എന്നാൽ കടലോരത്ത്‌ പാഴ്‌വസ്‌തുക്കൾകൊണ്ട്‌ അലങ്കരിച്ചുണ്ടാക്കിയ വിശ്രമകേന്ദ്രം കണ്ടിട്ടുണ്ടോ. അതും ബീച്ചിലെ മാലിന്യംകൊണ്ടുതന്നെ നിർമിച്ച വിശ്രമകേന്ദ്രം. 

കോഴിക്കോട്‌ ബീച്ചിൽ നഴ്‌സിങ്‌ കോളേജിന്‌ മുൻവശത്തായാണ്‌ വേറിട്ട വിശ്രമകേന്ദ്രം.
കോർപറേഷന്റെ നേതൃത്വത്തിൽ ‘ഹൈജിയ–-21’ പദ്ധതിയുടെ ഭാഗമായി നഗരം മനോഹരമാക്കുന്നതിന്റെ ഭാഗമായാണ്‌ ഈ വേറിട്ട വിശ്രമകേന്ദ്രം ഒരുക്കിയത്‌. ടയർ, കുപ്പി, കുട്ടകൾ, ഉണങ്ങിയ മരങ്ങൾ, കയർ ഇങ്ങനെ വലിച്ചെറിയുന്ന എല്ലാ സാധനങ്ങളും ഇവിടെ കാഴ്‌ചഭംഗിയും വിശ്രമവും പകരും.

ബദം മരത്തിന്‌ ചുവട്ടിൽ ടയറുകളും മരവുംകൊണ്ട്‌ ഇരിപ്പിടവും ഊഞ്ഞാലും നിർമിച്ചിട്ടുണ്ട്‌. ചുറ്റിലും ടയറുകൊണ്ട്‌ അതിർത്തിയും കെട്ടി. ബാലുശേരി സ്വദേശി മിഥുൻ വിശ്വനാഥ്‌, സുദിൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ സൗജന്യമായി വിശ്രമകേന്ദ്രത്തിന്റെ നിർമാണം. ബീച്ചിലെ പെട്ടിക്കടക്കാർ, കോർപറേഷൻ വെള്ളയിൽ ഹെൽത്ത്‌ സർക്കിൾ എന്നിവയുടെ കൂട്ടായ്‌മയിലാണ്‌ ഇതൊരുക്കിയത്‌.

കുടുംബശ്രീ പ്രവർത്തകരും ശുചീകരണ തൊഴിലാളികളും ശേഖരിക്കുന്ന മാലിന്യമാണ്‌   വിശ്രമകേന്ദ്രത്തിലുള്ളത്‌. തിങ്കളാഴ്‌ച രാവിലെ ഒമ്പതിന്‌ മേയർ  ബീന ഫിലിപ്പ്‌ ഉദ്‌ഘാടനംചെയ്യും.