Sat. Nov 23rd, 2024
മലപ്പുറം:

കുറ്റിപ്പുറത്ത് ലഹരി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറി കണ്ടെത്തി. ലഹരി വസ്‌തുക്കൾ പിടികൂടി. പാലക്കാട് പട്ടാമ്പി സ്വദേശി മുഹമ്മദ് എന്നയാളാണ് കെട്ടിടം വാടകയ്‌ക്കെടുത്തിരിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

പട്ടാമ്പി പള്ളിപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ലഹരി വസ്‌തുക്കൾ നിർമ്മിക്കുന്ന യൂണിറ്റ് കണ്ടെത്തിയത്. ഒരുമാസം മുൻപാണ് കുറ്റിപ്പുറം സ്വദേശികളായ ഷറഫുദീൻ,ശ്രീകുമാർ എന്നിവർ വീട് വാടകയ്ക്ക് എടുത്ത് യൂണിറ്റ് സ്ഥാപിച്ചത് എന്നാണ് പൊലീസിൽ നിന്നും ലഭ്യമായിട്ടുള്ള വിവരം.

ഇവിടെ നിന്ന് പുകയില ഉത്പന്നങ്ങളും നിര്‍മാണത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. എടച്ചലം കുന്നുംപുറത്ത് സ്ഥിതിചെയ്യുന്ന ഫാക്ടറിയില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ നിര്‍മിച്ച് സമീപ ജില്ലകളില്‍ വിതരണം ചെയ്തിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ഇത്തരമൊരു ഫാക്ടറി പ്രവര്‍ത്തിക്കുന്നതായി നാട്ടുകാരാണ് കണ്ടെത്തിയത്.

ഇവിടേക്ക് എത്തിയ പുകയില നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു.നാട്ടുകാര്‍ തടഞ്ഞതോടെ മൂന്നുപേർ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. പുകയില പൊടിച്ച് ലഹരി വസ്തുക്കള്‍ നിര്‍മിച്ച് അത് പാക്കറിറിലാക്കുന്നതിനുള്ള യന്ത്ര സൗകര്യങ്ങള്‍ ഇവിടെയുണ്ടായിരുന്നു.

പൊലീസ് എത്തി ഫാക്ടറി സീല്‍ ചെയ്തു. ഇന്നലെ രാത്രിയാണ് ഫാക്ടറിയില്‍ പരിശോധന നടത്തിയത്. നടത്തിപ്പുകാരെ സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ വൈകാതെ അറസ്റ്റിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.