കോൺഗ്രസ് അധികാരത്തിലെത്തിയാൽ അവർ ഹിന്ദുക്കളെ കൊണ്ടും ഹിജാബ് ധരിപ്പിക്കുമെന്ന് കർണാടക മന്ത്രി. സംസ്ഥാനത്ത് ഹിജാബ് വിവാദം ശക്തമായിരിക്കുന്നതിനിടെയാണ് കർണാടക ഊർജമന്ത്രി സുനിൽ കുമാർ വിവാദപ്രസ്താവന നടത്തിയത്.
“ജനവിധി കോൺഗ്രസിന് അനുകൂലമായാൽ ഹിന്ദുക്കൾ പോലും ഹിജാബ് ധരിക്കണമെന്ന നിയമം അവർ കൊണ്ട് വന്നേക്കും. കോൺഗ്രസ്സും സിദ്ധരാമയ്യയും ഈ മാനസികാവസ്ഥ ഉപേക്ഷിക്കണം. ത്രിവർണ പതാക നീക്കം ചെയ്‌തെന്ന വ്യാജ ആരോപണം ഇന്നലെയാണ് ഡി.കെ ശിവകുമാർ നടത്തിയത്. തെറ്റായ തന്റെ പ്രസ്താവനയിൽ അദ്ദേഹം ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്” മന്ത്രി പറഞ്ഞു.
ഷിമോഗ ജില്ലയിലെ കോളേജിൽ ദേശീയ പതാക മാറ്റി കാവിക്കൊടി ഉയർത്തിയ വിഷയത്തിൽ പിസിസി അധ്യക്ഷൻ ഡി.കെ ശിവകുമാർ പ്രതികരിച്ചിരുന്നു. നമ്മുടെ രാജ്യത്തിൻറെ അഭിമാനമാണ് ദേശീയ പതാക. അത് മാറ്റി ഇന്ന് കാവിക്കൊടി സ്ഥാപിച്ചിരിക്കുകയാണ്. ലോകം മുഴുവൻ കർണാടകയിലേക്ക് ഉറ്റുനോക്കുകയാണ്. ലജ്ജാകരമായ സംഭവമാണിതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
കർണാടകയിലെ ഹിജാബ് വിവാദത്തിൽ രൂക്ഷ വിമർശനവുമായി സമാധാന നോബൽ നേതാവ് മലാല യുസഫ് സായും രംഗത്തെത്തിയിരുന്നു. ഹിജാബ് ധരിച്ച് വിദ്യാർത്ഥിനികളെ കോളേജിലേക്ക് പ്രവേശിപ്പിക്കാത്തത് ഭയാനകമാണെന്നായിരുന്നു മലാലയുടെ ട്വീറ്റ്.