Wed. Jan 22nd, 2025

മട്ടന്നൂര്‍: ‘ആദാമിന്റെ മകന്‍ അബു’ എന്ന സിനിമയ്ക്ക് പ്രേരണയായ മട്ടന്നൂര്‍ പരിയാരം ഹസ്സന്‍മുക്കിലെ കെ പി ആബൂട്ടി അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെയാണ് മരിച്ചത്. ആബൂട്ടിക്കയുടെ മരണത്തിൽ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അനുശോചനമറിയിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ചിത്രത്തിൽ കെ പി അബൂട്ടിക്കയുടെ രീതികളായിരുന്നു അവലംബച്ചതെന്ന് സംവിധായകന്‍ സലീം അഹമ്മദ് പറഞ്ഞു. 

‘കെ.പി. ആബൂട്ടിക്ക പരിയാരം ഹസ്സന്‍മുക്ക് ഇന്ന് കാലത്ത് മരണപെട്ടു. പണ്ട് പാലോട്ടുപള്ളിയിലും പരിസരങ്ങളിലും വഴിയോരത്ത് അത്തറുകളും യുനാനി മരുന്നുകളും മതഗ്രന്ഥങ്ങളും രാശിക്കല്ലുകളും വില്‍പ്പന നടത്തിയിരുന്ന അബൂട്ടിക്കായുടെ രീതികളായിരുന്നു ആദാമിന്റെ മകന്‍ അബുവിലെ അബുവിന് പകര്‍ന്ന് നല്‍കിയത്. അല്ലാഹു ആ സാധു മനുഷ്യന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ’- അനുസ്മരണക്കുറിപ്പില്‍ സലീം അഹമ്മദ് കുറിച്ചത് ഇങ്ങനെയായിരുന്നു.