Fri. Nov 22nd, 2024

ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. നാല് ലക്ഷം ആളുകൾക്ക് ജോലി, പോലീസ് സേനയിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം, 500 രൂപയ്ക്ക് എൽപിജി ഗ്യാസ് തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് ‘ഉത്തരാഖണ്ഡ് സ്വാഭിമാൻ പ്രതിജ്ഞാപത്ര’ എന്ന പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്നത്. 

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് സംസ്ഥാനത്തെ 70 നിയമസഭാ മണ്ഡലങ്ങളിലും തത്സമയം സംപ്രേക്ഷണം ചെയ്ത വെർച്വൽ റാലിയിൽ വെച്ച് പ്രകടന പത്രിക പുറത്തിറക്കിയത്. പോലീസ് സേനയിൽ സ്ത്രീകൾക്ക് 40 ശതമാനം സംവരണം ഉറപ്പു വരുത്തുന്നതിനോടൊപ്പം ടൂറിസം പൊലീസ് സേന രൂപീകരണം, അങ്കണവാടി പ്രവർത്തകർക്ക് 150 ശതമാനം വരുമാന വർധനവ്, പൊതുഗതാഗത ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്നിവയും പത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. 

ബി.ജെ.പി സർക്കാർ കഴിഞ്ഞ അഞ്ചു വർഷമായി ഉത്തരാഖണ്ഡിൽ ഒരു പ്രവർത്തനവും ചെയ്തില്ലെന്നും, ഇതിനു മുൻപ് കോൺഗ്രസ് സർക്കാർ ചെയ്ത കാര്യങ്ങൾ മാത്രമേ ഇപ്പോഴും കാണാനുള്ളുവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിനെ മാറ്റം കൊണ്ടുവരാനുള്ള ആയുധമായി കണ്ട് ഉപയോഗപ്പെടുത്തണമെന്ന് പ്രിയങ്കാ ഗാന്ധി വോട്ടർമാരോട് അഭ്യർഥിച്ചു. നിങ്ങളുടെ അവകാശങ്ങൾക്കും, നിങ്ങളുടെ കുട്ടികളുടെ ഭാവിക്കും വേണ്ടി  നിങ്ങൾ പോരാടാൻ തയ്യാറായാൽ മാത്രമേ കോൺഗ്രസിന് മാറ്റങ്ങൾ കൊണ്ടുവരാനാകൂവെന്നും അവർ ജനങ്ങളോട് പറഞ്ഞു. 

“ഇന്ത്യയിലെ കരിമ്പ് കർഷകരുടെ കുടിശ്ശിക 14000 കോടിയാണ്. പ്രധാനമന്ത്രി തന്റെ രണ്ട് വിമാനങ്ങൾ വാങ്ങാൻ ചെലവഴിച്ച 16000 കോടി രൂപ ഇതിനായി ഉപയോഗിച്ചിരുന്നെങ്കിൽ ആ കുടിശ്ശിക തീർക്കാമായിരുന്നു. കേന്ദ്ര ബഡ്ജറ്റിൽ സാധാരണക്കാർക്ക് ആശ്വാസമാകുന്ന ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. ഓക്സിജനും വാക്സിനുകളും കേന്ദ്രം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തപ്പോൾ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന്  രാജ്യം അതിന്റെ ഏറ്റവും മോശമായ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. “ പ്രിയങ്കാ ഗാന്ധി പറഞ്ഞു.